ശിക്ഷ  ഇളവ് ശിപാര്‍ശ തള്ളിയത് ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് വകുപ്പിനെതിരായ ഹൈകോടതി വിമര്‍ശനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്നും വകുപ്പിന്‍െറ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 1850 തടവുകാരുടെ ശിക്ഷാകാലയളവില്‍ ഇളവ് നല്‍കാനുള്ള ശിപാര്‍ശ മടക്കിയത് ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചു. 

വിജിലന്‍സിനെതിരായ ഹൈകോടതി വിധി ഗൗരവമായി പരിശോധിക്കും. ഹൈകോടതി വിധിയുടെ ഒരുഭാഗത്ത് വിജിലന്‍സ് കോടതിയും വേറൊരു ഭാഗത്ത് വിജിലന്‍സ് വകുപ്പുമുണ്ട്. ഒരാള്‍ക്കെതിരെ ഹരജി വന്നാല്‍ അത് പരിശോധിക്കേണ്ടതാണോ അല്ലയോയെന്ന വിവേചനാധികാരം ഉപയോഗിക്കാന്‍ വിജിലന്‍സിന് അധികാരമില്ല. അന്വേഷിച്ചില്ളെങ്കില്‍ അയാള്‍ക്ക് കോടതിയില്‍ പോകാം. എന്തുകൊണ്ട് അന്വേഷിച്ചില്ളെന്ന് കോടതിക്ക് ചോദിക്കാം. മറുഭാഗത്ത്, കോടതിയില്‍ നേരിട്ട് പരാതിയുമായി ചെല്ലുമ്പോള്‍ പ്രാഥമികപരിശോധന നടത്താതെ തീരുമാനം എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സിന് നല്‍കും. ഇക്കാര്യം ക്രമീകരിക്കേണ്ടത് സര്‍ക്കാറല്ല. സര്‍ക്കാര്‍ നേരിട്ട് തീരുമാനം എടുത്താല്‍ ധാരാളം വ്യാഖ്യാനവും ദുര്‍വ്യാഖ്യാനവും ഉണ്ടാവാം. അതിനാല്‍ ഹൈകോടതി ഇടപെട്ട് ക്രമീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വന്‍കിടപദ്ധതി സംബന്ധിച്ച പരാതി സ്വീകരിക്കില്ളെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചതിനെക്കുറിച്ച് തനിക്കറിയില്ല. അത് പരിശോധിക്കാം. വിജിലന്‍സിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ഉണ്ടാവാമെന്ന്, യു.ഡി.എഫ് കാലത്തെ അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നെന്ന വി.എസ്. അച്യുതാനന്ദന്‍െറ വിമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. 

ജയിലില്‍ തടവ് അനുഭവിക്കുന്ന ഒരാളെയും വിട്ടയക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്ത്രീകളെ കൊലപ്പെടുത്തിയതുപോലെ ഗൗരവമായ കുറ്റകൃത്യങ്ങള്‍ ഒഴിച്ചുള്ളവയില്‍ ന്യായമായ ഇളവ് നല്‍കാനാണ് തീരുമാനിച്ചത്. കമ്മിറ്റി പരിശോധിച്ചാണ് ശിപാര്‍ശ തയാറാക്കിയത്. അതില്‍ ഗവര്‍ണര്‍ ചിലകാര്യങ്ങള്‍ ചോദിച്ചു. അതിന് സര്‍ക്കാര്‍ മറുപടിനല്‍കും. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള എഴുത്തുകുത്താണ് വേണ്ടത്. സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pinarayi against governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.