താനൂരിൽ കാണാതായ പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണം; കുട്ടികളെ സി.ഡബ്ല്യു.സി കെയർ ഹോമിലേക്ക് മാറ്റി

താനൂർ: താനൂരിൽ കാണാതായ പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം. കുട്ടികളെ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ച ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങൾ നീക്കം ചെയ്യണമെന്നാണ് നിർദേശം.

താനൂരിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അവരുടെ ഫോട്ടോ, വിഡിയോ ദൃശ്യങ്ങൾ, ഐഡന്റിറ്റി വെളിവാകുന്ന വിധത്തിലുള്ള മറ്റു വിവരങ്ങൾ എന്നിവയും കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂർ ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.

അതേസമയം, പുണെയിൽ നിന്ന് താനൂരിലെത്തിച്ച കാണാതായ പെൺകുട്ടികളെ സി.ഡബ്ല്യു.സി കെയർ ഹോമിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷമാണ് സി.ഡബ്ല്യു.സി നിയന്ത്രണത്തിലുള്ള കെയർ ഹോമിലേക്ക് മാറ്റിയത്.

കുട്ടികളെ തിരൂർ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വന്തം ആഗ്രഹപ്രകാരം നടത്തിയ വിനോദയാത്രയാണെന്ന രീതിയിലാണ് കുട്ടികൾ മൊഴി നൽകിയത്. മൊഴിയെടുക്കുന്ന ഘട്ടത്തിലൊന്നും ഭാവമാറ്റമോ പരിഭ്രാന്തിയോ പ്രകടിപ്പിക്കാതിരുന്ന കുട്ടികൾ മുടി മുറിച്ചതടക്കമുള്ള കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നാണ് പറഞ്ഞത്.

പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തിരൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെയാണ് (26) താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കാണാതായ പെൺകുട്ടികളുമായി നാലു മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി ഇയാൾ പരിചയപ്പെട്ടത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഫോൺനമ്പർ നിരീക്ഷിച്ചതിൽ നിന്ന് ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്നും വ്യക്തമായിരുന്നു.

താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ അക്ബർ റഹീം സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമായി സഹകരിച്ചിരുന്ന ഇയാളെ ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതൽ തടവിൽവെച്ച ഇയാൾക്ക് ചോദ്യംചെയ്യലിൽ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഫോൺ വഴി പിന്തുടർന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചേർത്ത മറ്റൊരു കേസും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ഇയാളെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കിയതിനു ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Photos and videos of missing girls in Tanur should be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.