കരുനാഗപ്പള്ളി: സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ മകൾ അമൃത (21) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്ന് പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട് പേടിച്ച് ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ശാസ്താംകോട്ട ഡി.ബി കോളജിൽനിന്ന് ഡിഗ്രി പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന അമൃത തിരുവല്ല സെന്‍റ് മേരീസ് വിമൻസ് കോളജിൽ ഫുഡ് കൾച്ചറിങ് കോഴ്സിൽ പി.ജിക്ക് പഠിക്കുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയായ അമിത ഏക സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.