തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ നടത്തുന്ന അധ്യാപക നിയമനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൽ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനം തിരക്കിട്ട് നടത്തുന്നതെന്നാണ് ആരോപണം.
ജനുവരി 20ന് മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങളിലെ ഇന്റർവ്യൂ തീയതികൾ ഉടൻ നിശ്ചയിക്കും. അതിനിടെ 2018 സെപ്റ്റംബറിൽ കെ.എൻ. മധുസൂദനനെ മുൻകാലപ്രാബല്യത്തിൽ പ്രഫസറായി നിയമിച്ചതിന്റെ രേഖകൾ പുറത്തുവന്നു. വിദഗ്ധ അംഗങ്ങൾ അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഇദ്ദേഹം പ്രമോഷന് അയോഗ്യനാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് അവഗണിച്ച്, പ്രഫസർ പദവി നൽകുന്നതിന് സിൻഡിക്കേറ്റ് മറ്റൊരു സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് 2004 മുതൽ മുൻകാലപ്രാബല്യത്തിൽ പ്രമോഷൻ നൽകിയെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പറയുന്നു. 2004 മുതൽ നൽകിയ പ്രഫസർ പ്രമോഷൻ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.