ന്യൂഡല്‍ഹി: കേരള സർക്കാറിന്റെ ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വം മതേതരത്വമായിരിക്കെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് അയ്യപ്പഭക്തനായ ഡോ. പി.എസ്. മഹേന്ദ്ര കുമാർ ഹരജിയിൽ ബോധിപ്പിച്ചു. ഹരജി അടിയന്തരമായി കേൾക്കണമെന്ന് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെടും.
ആഗോള അയ്യപ്പസംഗമം ഇപ്പോൾ തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ സർക്കാറുകൾ നടത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാറാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ പമ്പ തീരത്തെ ആഗോള അയ്യപ്പസംഗമം നടത്തുന്നത്.
ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കുകയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്നിന്ന് ഇക്കാര്യം വ്യക്തമാണ്. അതിന് അനുവദിക്കരുത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ലെന്ന വാദഗതിയും ഹരജിക്കാരൻ മുന്നോട്ടുവെച്ചു.
പരിസ്ഥിതി ലോല പ്രദേശമായ പമ്പാ നദി തീരത്ത് അയ്യപ്പസംഗമം നടത്തുന്നത് ഹൈകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.