പെരുവന്താനം എസ്റ്റേറ്റ് : സംസ്ഥാന സർക്കാർ 4.16 ലക്ഷം നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയെന്ന് രേഖകൾ

കോഴിക്കോട് : ഇടുക്കിയിലെ പെരുവന്താനം ടി.ആർ ആൻഡ് ടീ ( ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ) അനധികൃതമായ കൈവശംവെച്ചിരിക്കുന്ന  ഭൂമി സംസ്ഥാന സർക്കാർ 4.16, 358 രൂപ പൊന്നും വില കൊടുത്ത് ഏറ്റെടുത്തതെന്ന് റവന്യു രേഖകൾ. തിരു-കൊച്ചി നിയമസഭ 1955 ൽ പാസാക്കിയ ഇടവക ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് വഞ്ചിപ്പുഴ ഇടവകയുടെ ഭൂമി സർക്കാർ ഏറ്റെടുത്തത്. ഈ നിയമ പ്രകാരം 1947 മുമ്പ് വിവിധ ഇംഗ്ലീഷ് പൗരന്മാർക്കും കമ്പനികൾക്കും പാട്ടത്തിന് നൽകിയ വഞ്ചിപ്പുഴ ഇടവകയുടെ ഭൂമി സർക്കർ ഏറ്റെടുത്തിരുന്നു എന്നാണ് രാജമാണിക്യത്തിന്റെ കണ്ടെത്തൽ.

1955 ഡിസംബർ 29ന് കാഞ്ഞിരപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ ഒരു എഗ്രിമെൻറ് രജിസ്റ്റർ ചെയ്തു. അതിൽ വഞ്ചിപ്പുഴ മഠം ചീഫ് ഉഴുതിരാർ ഉഴുതിരാറും തിരുവിതാംകൂർ-കൊച്ചി സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ബി.വി.കെ മേനോനുമാണ് കരാറിൽ ഒപ്പിവെച്ചത്. ഇരു കക്ഷികളും പരസ്പരം ഭൂമി ഏറ്റെടുക്കലിൽ സമ്മതിച്ചിരുന്നു. എല്ലാ ഇടവക അവകാശങ്ങളും ഏറ്റെടുക്കുന്നതിന് സർക്കാർ നൽകേണ്ട നഷ്ടപരിഹാരം തറവില തടിവില എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യവസ്ഥ ചെയ്തു.

തിരുവിതാംകൂറിൽ രാജാവ് നാല് ഇടവകകൾക്കാണ് എല്ലാ അവകാശങ്ങളും നൽകിയിരുന്നത്. പൂഞ്ഞാർ, കിളിമാനൂർ, വഞ്ചിപ്പുഴ, ഇടപ്പള്ളി എന്നിവയായിരുന്നു ഈ ഇടവകൾ. 1956ൽ ഐക്യ കേരളം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ പാസാക്കിയ നിയമമാണിത്. തിരുവിതാംകൂർ രാജാക്കന്മാരെ കാലത്ത് ഇടവകകൾ സ്വതന്ത്രമായി കൈവശം വെച്ചിരുന്ന ഭൂമിയാണിത്.

1956 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതും ഇടവകയുമായി ബന്ധപ്പെട്ട കുടിയാന്മാരിൽ നിന്ന് ഇനി പാട്ടം പിരിക്കാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലന്നും വ്യവസ്ഥ ചെയ്തു. ജനുവരി ഒന്നു മുതൽ കുടിയാന്മാരിൽ നിന്ന് അടക്കേണ്ട കുത്തകപ്പാട്ടം സർക്കാർ പിടിച്ചെടുക്കുകയും ചെയ്യുമെന്നായിരുന്നു വ്യവസ്ഥ. ഏതാണ്ട് ഒരു വർഷത്തിനുശേഷം സംസ്ഥാനം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തിരുന്നു. അതിനാൽ നിലവിലെ കൈവശക്കാരുടെ അവകാശം അടിസ്ഥാനരഹിതമാണ്.

നിയമം നിലവിൽ വന്നതോടെ ഇടപ്പള്ളി സ്വരൂപം, കിളിമാനൂർ കൊട്ടാരം, പൂഞ്ഞാർ കോയിക്കൽ, വഞ്ചിപ്പുഴ മഠം എന്നിവയുടെ എല്ലാ ഇടവക അവകാശങ്ങളും ഇല്ലാതായി. വഞ്ചിപ്പുഴ ഇടവകയിൽ ചങ്ങനാശ്ശേരി താലൂക്കിലെ ചെറുവള്ളി, ചങ്ങനാശ്ശേരി താലൂക്കിലെ ചിറക്കടവ്, പെരുമാട് താലൂക്കിലെ പെരുവന്താനം എന്നീ ഇടവക വില്ലേജുകൾ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം വഞ്ചിപ്പുഴ ഇടവകയുടെ സ്വതന്ത്രഭൂമികൾ എന്നാണ് അർഥമാക്കിയിരുന്നത്.

ഇടപ്പള്ളി കിളിമാന്നൂർ വഞ്ചിപ്പുഴ ഇടവകകളുടെ ഭരണം നടത്തിയിരുന്നയാളെ മുഖ്യൻ എന്ന പേരിലാണ് വിളിച്ചിരുന്നത്. ഇടവകയിലെ മുതിർന്ന ആളായിരുന്നു മുഖ്യൻ എന്ന് അറിയപ്പെട്ടത്. ഇടവകളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് നിയമനിർമാണം നടത്തിയത്. ഇതോടെ ഇടവക മുഖ്യന്റെ അവകാശങ്ങളും പദവികളും സർക്കാർ ഏറ്റെടുത്തു. ഇടവകകൾക്ക് നൽകിയിരുന്ന ഭൂമിയും തനത് ഭൂമിയും തരിശുഭൂമിയും എല്ലാം സർക്കാരിന്റേതായി. അത്തരം ഭൂമിയുടെ എല്ലാ അവകാശങ്ങളും എല്ലാ ബാധ്യതകളും സർക്കാരിൽ നിക്ഷിപ്തമായി.

ഇടവകളുടെ കൈയിലുള്ള എല്ലാ ഫ്രീഹോൾഡ് ഭൂമിയും ഏറ്റെടുക്കാൻ ഈ നിയമം മതിയായിരുന്നു. വഞ്ചിപ്പുഴ മുഖ്യൻ ഭരിച്ചിരുന്ന പഴയ പെരുവന്താനം വില്ലേജിലെ ഭൂമി വിവിധ ഇംഗ്ലീഷ് കമ്പനികളും വ്യക്തികളും കൈവശപ്പെടുത്തിയ പാട്ട ഭൂമിയായിരുന്നു. വിദേശകമ്പനികൾ തമ്മിൽ നടത്തിയ കൈമാറ്റ കരാറിൽ വഞ്ചിപ്പുഴ മുഖ്യൻ ഒരിക്കലും പങ്കെടുത്തിട്ടില്ല. സ്കോട്ടിഷ് വ്യക്തികൾ തയാറാക്കിയ ആ കരാറുകളിൽ ഇപ്പോൾ പെരുവന്താനം എസ്റ്റേറ്റ് കൈവശം വെച്ചരിക്കുന്നവരോ അവരുടെ മുൻഗാമികളോ ഒരിക്കലും കക്ഷികൾ ആയിരുന്നില്ല.

വഞ്ചിപ്പുഴ മേധാവിയുടെ സമ്മതമില്ലാതെ കരാർ ഉടമ്പടി തയാറാക്കിയ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി ലിമിറ്റഡ് എന്ന വിദേശ കമ്പനിയുടെ അതേ പേരിൽ ഇപ്പോൾ കൈവശം വെച്ചിരിക്കുന്നവർ ഒരു കമ്പനി രജിസ്റ്റർ ചെയ്തുവെന്നാണ് കണ്ടെത്തൽ. വഞ്ചിപ്പുഴ മേധാവിയോ സ്കോട്ടിഷ് കമ്പനികളോ അവരുടെ ഏജൻറുമാരോ ഇപ്പോൾ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് നൽകിയിട്ടില്ലെന്നാണ് രാജമാണിക്യം അന്വേഷണത്തിൽ കണ്ടെത്തിയത്. വിദേശ കമ്പനിയുടെ പിൻഗാമികൾ എന്ന അവകാശപ്പെടുന്ന ശിവരാമ കൃഷ്ണ ശർമ, രാമകൃഷ്ണ ശർമ, ലക്ഷ്മണ ശർമ എന്നിവർക്ക് സംസ്ഥാന സർക്കാർ ഒരിക്കലും ഭൂമി പാട്ടത്തിന് നൽകിയിട്ടില്ല. പരസ്പര വിരുദ്ധമായ അവകാശവാദങ്ങളും ഉന്നയിച്ച് സംസ്ഥാനത്തിന്റെ സ്വത്ത് കൊള്ളയടിക്കാനാണ് ഇപ്പോൾ ഭൂമി കൈവശംവെച്ചിരിക്കുന്നവർ ശ്രമിക്കുന്നത്.

Tags:    
News Summary - Peruvanthanam Estate: Records show that the land was acquired by the state government by paying a compensation of 4.16 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.