കോഴിക്കോട്: വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും നടക്കേണ്ടത് അതത് സമുദായങ്ങളിലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. വ്യക്തിനിയമങ്ങൾ പരിഷ്കരിക്കണം എന്നതിൽ പാർട്ടിക്ക് അഭിപ്രായ വ്യത്യാസമില്ല.
ഈ ആവശ്യം ഉയരേണ്ടത് അതത് മതവിഭാഗങ്ങളിൽനിന്നാണ്. ആ വിഭാഗങ്ങളുമായി സർക്കാർ ചർച്ചയും സംവാദവും നടത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് സെമിനാറുമായി ബന്ധപ്പെട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ പങ്കെടുക്കുന്നതിന് സമസ്തയിൽ ഭിന്നിപ്പില്ല.
അവർ പൂർണ മനസ്സാലേയാണ് സഹകരിക്കുന്നത്. മുശാവറ തന്നെയാണ് പങ്കെടുക്കുന്നവരുടെ പേര് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെമിനാർ ബഹിഷ്കരിച്ച മുസ്ലിം ലീഗിനെ തലോടിയ സി.പി.എം നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ആവർത്തിച്ചു.
യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ടാണ് സെമിനാറിൽനിന്ന് ലീഗ് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാർ ജൂലൈ 22ന് രാവിലെ പത്തിന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉഘാടനം ചെയ്യും.
വിവിധ വിഭാഗങ്ങളെയും സംഘടനകളെയും പ്രതിനിധാനംചെയ്ത് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപത), ഡോ. ടി.ഐ. ജെയിംസ് (സി.എസ്.ഐ), സമസ്ത ഇ.കെ വിഭാഗത്തെ പ്രതിനിധാനംചെയ്ത് ഉമ്മർ ഫൈസി മുക്കം, പി.എം. അബ്ദുൽ സലാം ബാഖവി, സമസ്ത എ.പി വിഭാഗത്തിൽനിന്ന് സി. മുഹമ്മദ് ഫൈസി, എൻ. അലി അബ്ദുല്ല, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), സി.പി. ഉമ്മർ സുല്ലമി, ഡോ. ഐ.പി. അബ്ദുൽ സലാം (കെ.എൻ.എം മർകസു ദഅ് വ), ടി.കെ. അഷ്റഫ് (വിസ്ഡം), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), ഒ.ആർ. കേളു എം.എൽ.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാര്‍ (കെ.പി.എം.എസ്), രാമഭദ്രന് (കേരള ദലിത് ഫെഡറേഷന്) എന്നിവർ പങ്കെടുക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, എം.വി. ശ്രേയാംസ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും സെമിനാറിന്റെ ഭാഗമാവും. സംഘാടകസമിതി ചെയർമാൻ കെ.പി. രാമനുണ്ണി, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.