തിരുവനന്തപുരം: പ്രതിഛായ വർധിപ്പിച്ച് മുഖ്യമന്ത്രി പദം നേടാൻ കോൺഗ്രസിൽ തുടങ്ങിയ ശ്രമങ്ങൾ എല്ലാ സീമകളും ലംഘിച്ച് വ്യക്തി അധിക്ഷേപത്തിലേക്കും!. സാമൂഹിക മാധ്യമങ്ങളിൽ നേതാക്കളെ അനുകൂലിച്ചിടുന്ന പോസ്റ്റുകൾക്ക് താഴെ വ്യക്തിപരമായ വിമർശനങ്ങൾ വർധിച്ചതിന് പിന്നാലെ പൊതുജനമധ്യത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
ഹൈകമാൻഡിന്‍റേയും കെ.പി.സി.സിയുടേയും മുന്നറിയിപ്പുകൾ ഉൾപ്പെടെ അവഗണിച്ചാണ് മുഖ്യമന്ത്രി ‘പോര്’ നീങ്ങുന്നത്. അതിനിടെ മുഖ്യമന്ത്രി പദത്തെ ചൊല്ലി നേതാക്കൾക്കും അണികൾക്കുമിടയിൽ അവകാശവാദങ്ങളും വെല്ലുവിളികളും യാതൊരു തടയുമില്ലാതെ തുടരുകയാണ്. കൊച്ചി നഗരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഫ്ലക്സ് ഉയർത്തിയത് ഏറെ വിമർശിക്കപ്പെടുകയാണ്. തികച്ചും വ്യക്തിപരമായ പരാമർശങ്ങളും ബോർഡിലുണ്ട്.
എറണാകുളം ഡി.സി.സി ഓഫിസിന്‍റെ എതിർവശത്താണ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സ് ഉയര്‍ത്തിയത്. പി.ആർ വർക്കിന്‍റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിൽ. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ വി.ഡി. സതീശനെതിരെ ബോർഡ് ഉയർത്തിയതിൽ സതീശൻ അനുകൂലികൾ കടുത്ത അതൃപ്തിയിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പല സതീശൻ അനുകൂലികളും ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായി എല്ലാ ജനകീയ വിഷയങ്ങളിലും ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് സതീശനെന്ന് അവർ പറയുന്നു. ഉപതെരഞ്ഞെടുപ്പുകൾ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ചരിത്രനേട്ടവും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈകമാൻഡിനും കടുത്ത അതൃപ്തിയുണ്ട്. അനാവശ്യ ചര്‍ച്ച ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്തതില്‍ നേതാക്കളെ രാഹുല്‍ അമര്‍ഷം അറിയിച്ചു. പലകുറി മുന്നറിയിപ്പ് നൽകിയിട്ടും കെ.പി.സി.സി അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടും വകവക്കാതെ ചർച്ച തുടരുന്നതിൽ ഹൈകമാൻഡിനും കടുത്ത അതൃപ്തിയാണുള്ളത്. അനാവശ്യ വിവാദത്തില്‍ മുസ്ലിം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസും അസംതൃപ്തി പരസ്യമാക്കി. മറ്റൊരിടത്തും കാണാത്ത പ്രവണത കേരളത്തിൽ കാണുന്നതാണ് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷമാണ് മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കമുണ്ടാകുന്നതെങ്കിൽ ഫലം വരുംമുമ്പ് ആരാണ് കേമൻ എന്ന് തെളിയിക്കാൻ നടത്തുന്ന മത്സരത്തിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തര്‍ക്കം അനാവശ്യമാണെന്ന കടുത്ത നിലപാടിലാണ് രാഹുല്‍ ഗാന്ധി. യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോര്‍വിളിയും എത്രയും വേഗം അവസാനിപ്പിക്കാന്‍ കെ.പി.സി.സിക്ക് എ.ഐ.സി.സി ജന.സെക്രട്ടറി ദീപ ദാസ് മുന്‍ഷി മുഖേന രാഹുല്‍ ഗാന്ധി നിർദേശം നല്‍കി. അതിന്‍റെ അടിസ്ഥാനത്തിലാണ് പരസ്യപ്രസ്താവന വിലക്കി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പിറക്കിയത്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ പോലും നിർദേശം ലംഘിക്കൽ തുടരുകയാണ്. ആ സാഹചര്യത്തിലാണ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്. ഈ രീതിയിലുള്ള ചര്‍ച്ചക്ക് ആര് വളം വച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നേതൃത്വം നൽകുന്നു. ശനിയാഴ്ച ചേര്‍ന്ന കെ.പി.സി.സി യോഗത്തിലും ദേശീയ നേതൃത്വത്തിന്‍റെ വികാരം ദീപദാസ് മുന്‍ഷി സംസ്ഥാന നേതാക്കളെ അറിയിച്ചു. അതിന് പിന്നാലെയും പ്രസ്താവനാ വടംവലി തുടരുകയാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ശേഷിക്കെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതില്‍ യു.ഡി.എഫിലും അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമാണ് മുസ്ലിം ലീഗെന്ന രീതിയിൽ ചര്‍ച്ച നടക്കുന്നതിനിടെ പക്ഷം പിടിക്കാനില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. എന്നാൽ, ഇപ്പോഴത്തെ ചര്‍ച്ച അനാവശ്യമാണെന്ന വിലയിരുത്തലിലാണ് പാർട്ടി. ഘടകകക്ഷികളും അതൃപ്തി ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.