മൂലമറ്റം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. ചൊവ്വാഴ്ച സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 118.26 ദശലക്ഷം യൂനിറ്റ് ആയി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണിത്. 2024 മേയ് മൂന്നിലെ റെക്കോഡ് വൈദ്യുതി ഉപയോഗം ഈ മാസം 18നാണ് മറികടന്നത്. അതാണ് ചൊവ്വാഴ്ച വീണ്ടും തിരുത്തിയത്.
വൈകിട്ടത്തെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലെത്തി. 6037 മെഗാവാട്ടാണ് ചൊവ്വാഴ്ച ആവശ്യംവന്നത്. ഉപയോഗിച്ചതിൽ 78 ശതമാനം വൈദ്യുതിയും പുറം സംസ്ഥാനത്ത് നിന്ന് വിലകൊടുത്തു വാങ്ങിയതാണ്. 26.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. 91.78 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വിലകൊടുത്ത് വാങ്ങിയത്.
മഴക്കുറവ് കാരണം നീരൊഴുക്ക് നിലച്ചതോടെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെ ജലനിരപ്പും കുത്തനെ താഴുകയാണ്. ഡാമുകളിൽ അവശേഷിക്കുന്നത് 30 ശതമാനം വെള്ളം മാത്രമാണ്. ഇത് ഉപയോഗിച്ച് 1240 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ അവശേഷിക്കുന്നത് 32 ശതമാനം വെള്ളമാണ്.
വൈദ്യുതി വാഹന ചാർജിങ് വൈകുന്നേരം ആറു മുതൽ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം.
രാത്രി സമയങ്ങളിൽ എ.സിയിൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം.
എ.സിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണം.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും പീക് സമയത്ത് പരമാവധി ഒഴിവാക്കണം.
വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കണം.
അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.