ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം; കമീഷന് പിടിവാശി എന്തിനെന്ന് ഹൈകോടതി

കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി രാവും പകലും ജോലി ചെയ്തിട്ടും വോട്ട് ചെയ്യാനാവാതെ പോയ ജീവനക്കാർക്ക് അവസരമൊരുക്കുന്നതിൽ കമീഷന് പിടിവാശി എന്തിനെന്ന് ഹൈകോടതി. വോട്ടവകാശമുള്ളവരെല്ലാം ചെയ്യണമെന്ന് കമീഷൻ പരസ്യം നൽകിയിരുന്നല്ലോ. എന്നിട്ടും വോട്ട് ചെയ്യാനാവാതെ പോയ ഇരുപതിനായിരത്തിലധികം പേരുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കുന്നതെന്താണ്. വോട്ട് നിഷേധിച്ചെന്ന ആരോപണം ഗൗരവതരമാണ്. കമീഷന് വേണ്ടി ജോലി ചെയ്തവർക്ക് വോട്ട് ചെയ്യാനായില്ലെന്നത് മർമപ്രധാന വിഷയമാണ്. ഇവർക്ക് ഇനി വോട്ട് ചെയ്യാനാകില്ലെന്നാണോ കമീഷന്‍റെ നിലപാടെന്നും ജസ്റ്റിസ് കെ.വി. ജയകുമാർ ചോദിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് നിഷേധിച്ചത് ചൂണ്ടിക്കാട്ടി എൻ.ജി.ഒ യൂനിയനടക്കം സർവിസ് സംഘടനകൾ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

ജില്ല കലക്ടറേറ്റുകളിൽ ഒരോ ഫെസിലിറ്റേഷൻ സെന്‍റർ വീതം തുറന്നാൽ വോട്ട് നിഷേധിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടാത്ത വിധം അവസരം നൽകാനാവുമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും വോട്ടർ പട്ടികയിലുള്ള ആയിരത്തിലേറെ വീതം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്നും വ്യക്തമാക്കി. എന്നാൽ, ഇനി തെരഞ്ഞെടുപ്പ് ഹരജി സമർപ്പിക്കലല്ലാതെ വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ലെന്ന് കമീഷൻ വാദിച്ചു. സമയത്തിന് അപേക്ഷ നൽകാത്തവർക്കും തെറ്റായതും അപൂർണവുമായ അപേക്ഷ നൽകിയവർക്കും മാത്രമാണ് പോസ്റ്റൽ ബാലറ്റ് നൽകാതിരുന്നത്. അധിക സത്യവാങ്മൂലം സമർപ്പിച്ചതായും കമീഷൻ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് എന്തിനാണ് ഈ വാശിയെന്ന് കോടതി ചോദിച്ചത്. എല്ലാവർക്കും വോട്ടു ചെയ്യാനാവശ്യമായ സൗകര്യം ഒരുക്കാൻ ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന് ചുമതലയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എല്ലാത്തിനും ചട്ടങ്ങളുണ്ടാകും.

എന്നാൽ ഒരു സാഹചര്യമുണ്ടായാൽ അതിനനുസരിച്ച് തീരുമാനമെടുക്കണം. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹരജിക്കാർ ഉന്നയിക്കുന്ന വിഷയത്തിൽ കമീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. അപേക്ഷ നൽകിയതും വോട്ട് ചെയ്തവരുമായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ കമീഷന്‍റെ കൈവശമുള്ള സാഹചര്യത്തിൽ വോട്ട് ചെയ്തവരുടെ കണക്ക് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കുറ്റ്യാടി നിയമസഭ മണ്ഡലത്തിലേക്ക് ഇത്തവണ നൽകിയ 73 തപാൽ ബാലറ്റുകൾ റിട്ടേണിങ് ഓഫിസർ മറ്റൊരു ജില്ലയിലേക്ക് അയച്ചത് കരുതിക്കൂട്ടിയാണെന്ന് ഒരു ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. വഞ്ചനാപരമായ നടപടി ഉണ്ടായെന്ന് ആരോപണമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് ഹരജിക്കാരൻ മറുപടി നൽകി. 200 വോട്ടിന്‍റെ വ്യത്യാസത്തിലായിരുന്നു കഴിഞ്ഞ വർഷം ഇവിടുത്തെ വിജയം. 20,000ലേറെ പേർക്ക് വോട്ട് ചെയ്യാനാവാത്തത് പൊതുതാൽപര്യമുള്ള വിഷയമായതിനാൽ, കമീഷൻ സമർപ്പിച്ച സത്യവാങ്മൂലം കൂടി പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - High Court questions why commission is adamant on denying officials' votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.