പീക്ക് അവറുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; പ്രകൃതി ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: പീക്ക് സമയങ്ങളിൽ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പുതിയ ഹൈഡൽ പ്രോജക്ടുകൾ വരുകയെന്നത് മാത്രമാണ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന കെ.എസ്.ഇ.ബി തീരുമാനം പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് വിചാരിച്ചില്ല. കാലാവസ്ഥ ഇങ്ങനെയാകുമെന്ന് മുൻകൂട്ടി അറിയാനാകില്ലല്ലോ. അതിലുപരി പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ലക്ഷത്തോളം ഇൻഡക്ഷൻ സ്റ്റൗകളാണ് വിപണിയിൽ വിറ്റുപോയത്. അതുകൂടിയാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഈ വർഷം ഉപഭോഗം നിശ്ചിത ശതമാനം കൂടുമെന്ന് അറിയാമായിരുന്നു. പക്ഷേ അതിന്‍റെ എത്രയോ ഇരട്ടിയാണ് ഉണ്ടായത്. പ്രകൃതി ഇങ്ങനെയാവുന്നതും ഗൾഫ് യുദ്ധംവരുന്നതും എങ്ങിനെ മുൻകൂട്ടി അറിയാനാകും. ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത് വെള്ളിയാഴ്ചത്തെ സ്ഥിതി വിലയിരുത്തിയിട്ടാകും. വെള്ളിയാഴ്ച കുറച്ച് വൈദ്യുതി ലഭിക്കാൻ സാധ്യതയുണ്ട്. അത് പരിശോധിച്ച ശേഷമായിരിക്കും ലോഡ് ഷെഡിങ്ങിൽ അന്തിമ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതിവാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയെല്ലാം വൈദ്യുതി പ്രതിസന്ധിയുണ്ട്. 2024ലേതിനെക്കാൾ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ. യു.ഡി.എഫിന്‍റെ കാലത്ത് നാല് മണിക്കൂറായിരുന്നു ലോഡ് ഷെഡിങ്. ആ സ്ഥിതിയുണ്ടാകാതെ 10 വർഷം കൊണ്ടുപോയില്ലേയെന്നും മന്ത്രി ചോദിച്ചു. 

ഉൽപാദന വർധനവ് മാത്രമാണ് രക്ഷ. എന്നാൽ, ഒരു ഹൈഡൽ പ്രോജക്ടും നടത്താൻ സമ്മതിക്കില്ല. ഹൈഡൽ പ്രോജക്ടുകൾ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി. ബുധനാഴ്ച മുതൽ വൈകീട്ട് ആറിനും രാത്രി 12നും ഇടയിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നടന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോഡ്ഷെഡിങ് എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 30 മിനിറ്റ് വരെ ഫീഡറുകൾ ഓഫ്ചെയ്തിരുന്നു. അത് ലോഡ് ഷെഡിങ്ങല്ലെന്നും പീക് ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായ നിയന്ത്രണമെന്നുമാണ് കെ.എസ്.ഇ.ബി പറഞ്ഞിരുന്നത്. ബുധനാഴ്ചയിലെ അറിയിപ്പോടെ ലോഡ്ഷെഡിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത 10 വർഷം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സർക്കാറിന്‍റെ അവസാനകാലത്താണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വൈകിട്ട് ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങും എ.സി ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ സ്റ്റൗ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായതെന്ന് ഉന്നതതല യോഗം വിലയിരുത്തി.

വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിന് എനർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

Tags:    
News Summary - Electricity usage should be controlled during peak hours -Minister K. Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.