തിരുവനന്തപുരം: മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്.ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രസാദിനെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തുന്ന ചുള്ളിമാനൂർ സ്വദേശിനിയായ ബിന്ദുവിനാണ് കള്ളക്കേസിൽ കടുത്ത ക്രൂരത നേരിടണ്ടേിവന്നത്. ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാർ ബിന്ദുവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്നു. വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.
ഒടുവിൽ മാല കിട്ടിയ വിവരം വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാർ പരാതിയില്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നുവെന്നുമാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇനിമുതൽ കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞാണ് തന്നെ പൊലീസ് ഇറക്കിവിട്ടതെന്നും ബിന്ദു പറഞ്ഞു.
ഇതേക്കുറിച്ച് പരാതിപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോൾ കടുത്ത ദുരനുഭവം നേരിട്ടതായും ഇവർ പറഞ്ഞു. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവർ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഓഫിസിൽ ഞാനും വക്കീലും കൂടിയാണ് പോയത്. പരാതി സാറിന്റെ കൈയിൽ കൊടുത്തു. സാർ അത് വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു. എന്നിട്ട് പറഞ്ഞു ‘മാല മോഷണം പോയാൽ വീട്ടുകാർ പരാതി കൊടുക്കും, അപ്പോൾ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്’ എന്ന്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പി. ശശി എന്നയാളാണ് ഇതെന്ന് വക്കീൽ പറഞ്ഞു. പരാതി വായിച്ചൊന്നും നോക്കീല. കോടതിയൽ പോയി പറയാൻ പറഞ്ഞു’ -വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.