‘മുഖ്യമന്ത്രിയുടെ ഓഫിസിലെ ശശി എന്ന സാർ പരാതി വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു; മാല മോഷണം പോയാൽ വീട്ടുകാർ പരാതി കൊടുക്കും, അപ്പോൾ പൊലീസ് പിടിക്കും എന്നുപറഞ്ഞു’ -​ദുരനുഭവം വെളിപ്പെടുത്തി പൊലീസ് ക്രൂരതക്കിരയായ ദലിത് യുവതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോൾ കടുത്ത ദുരനുഭവം നേരിട്ടതായി പൊലീസ് ക്രൂരതക്കിരയായ ദലിത് യുവതി. മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂറോളം അപമാനം നേരിട്ട ചുള്ളിമാനൂർ സ്വദേശിനിയായ ദലിത്‌ സ്ത്രീ ബിന്ദുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് നടപടി സംബന്ധിച്ച് പരാതിപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോഴായിരുന്നു കടുത്ത അവഗണന നേരിട്ടത്. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവർ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ ഓഫിസിൽ ഞാനും വക്കീലും കൂടിയാണ് പോയത്. പരാതി സാറിന്റെ കൈയിൽ കൊടുത്തു. സാർ അത് വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു. എന്നിട്ട് പറഞ്ഞു ‘മാല മോഷണം പോയാൽ വീട്ടുകാർ പരാതി കൊടുക്കും, അപ്പോൾ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്’ എന്ന്. മുഖ്യമ​ന്ത്രിയുടെ ഓഫിസിലെ പി. ശശി എന്നയാളാണ് ഇതെന്ന് വക്കീൽ പറഞ്ഞു. പരാതി വായിച്ചൊന്നും നോക്കീല. കോടതിയൽ പോയി പറയാൻ പറഞ്ഞു’ -വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്ദു പറഞ്ഞു.

ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാർ ബിന്ദുവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്നു. വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.

ഒടുവിൽ മാല കിട്ടിയ വിവരം വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാർ പരാതിയി​ല്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നു​വെന്നുമാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇനിമുതൽ കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞാണ് തന്നെ പൊലീസ് ഇറക്കിവിട്ടതെന്നും ബിന്ദു പറഞ്ഞു.

Tags:    
News Summary - peroorkada police dalit atrocity case victim against chief minister office and p sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.