തിരുവനന്തപുരം: ആക്രമണകാരികളും മനുഷ്യജീവന് ഭീഷണിയാകുന്നതുമായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രം അനുമതി തരണമെന്ന് മന്ത്രി എം.ബി. രാജേഷ്. വന്ധ്യംകരണ ചികിത്സാകേന്ദ്രങ്ങൾ (എ.ബി.സി കേന്ദ്രങ്ങൾ) ആരംഭിക്കാൻ നിയമത്തിൽ കേന്ദ്രം കൂടുതൽ ഇളവ് വരുത്തണമെന്നും വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയെന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നടപ്പാക്കാനാവില്ല. നിലവിൽ കർശന വ്യവസ്ഥകളാണ് എ.ബി.സി കേന്ദ്രങ്ങൾക്കുള്ളത്. അതിൽ ഇളവ് വരുത്താൻ കേന്ദ്രം തയാറാകണം.
സംസ്ഥാനത്ത് നിലവിൽ 15 എ.ബി.സി കേന്ദ്രങ്ങളുണ്ട്. ഒമ്പത് എണ്ണംകൂടി പുതുതായി തുടങ്ങും. എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളും എ.ബി.സി കേന്ദ്രങ്ങൾക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും പ്രാദേശികമായ എതിർപ്പ് കാരണം ആരംഭിക്കാനാകുന്നില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ എണ്ണൂറോളം എ.ബി.സി നിയന്ത്രണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും ഹൈകോടതി നിർദേശപ്രകാരം അതവസാനിപ്പിക്കേണ്ടിവന്നു. അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതിയില്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. ഇതു തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തെ വലിയ തോതിൽ പിന്നോട്ടടിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകുന്നതിന് കാരണമാണ്. മാലിന്യ നിർമാർജനം സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മാത്രം ചുമതലയല്ല. മാലിന്യം വലിച്ചെറിയുന്ന പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.