പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് വിധി ശനിയാഴ്ച എറണാകുളം സി.ബി.ഐ​ കോടതി പ്രഖ്യാപിക്കും. ഇരട്ടക്കൊലകേസിൽ സി.പി.എം അംഗങ്ങളും നേതാക്കളുമാണ് പ്രതികൾ. 24 പ്രതികളിൽ എല്ലാവരും പാർട്ടിക്കാരാണ്.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയിൽനിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടത്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽവരെ വാദിക്കുകയും ചെയ്തു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളിൽ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പ​ങ്കെടുത്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

Tags:    
News Summary - Periya Twin Murder case verdict tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.