കാഞ്ഞങ്ങാട്: കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ട കേസിൽ എറണാകുളം സി.ബി.ഐ കോടതി വിധി സി.പി.എമ്മിന് കനത്ത പ്രഹരമായി. കൊലപാതകത്തിൽ പങ്കില്ലെന്ന് പാർട്ടി ആവർത്തിച്ചു പറഞ്ഞ സംഭവത്തിൽ പാർട്ടിയുടെ ജില്ല സെക്രേട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനും മുൻ ഉദുമ ഏരിയ സെക്രട്ടറിയും ഇപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠനും ഉൾപ്പെടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പാർട്ടി വാദങ്ങളെല്ലാം ദുർബലമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ ആറുപേർ സി.പി.എം നേതാക്കളാണ്.
കല്യോട്ട് കൊലപാതകത്തിനുശേഷം ജില്ലയിൽ സി.പി.എമ്മിന് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണയും രാജ്മോഹൻ ഉണ്ണിത്താൻ നേടിയ ഭൂരിപക്ഷം സി.പി.എമ്മിനുണ്ടായ തിരിച്ചടിയെ സൂചിപ്പിക്കുന്നു. എൽ.ഡി.എഫിനെ ഏതു പ്രതിസന്ധി ഘട്ടത്തിലും കൈവിടാതിരുന്ന കാസർകോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഇരട്ടക്കൊലയായിരുന്നു.
പാർട്ടി കോട്ടകളിൽപോലും വോട്ടു ചോർച്ചയുണ്ടായി. കോടതി വിധിയും എതിരായതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കോൺഗ്രസും കുടുംബവും ആറുവർഷത്തോളം നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി വരുന്നത്. 24 പ്രതികളിൽ 14 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 10 പേരെ വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.