മസ്ജിദ് ആക്രമണം: പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടുനില്‍ക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സി.പി.എമ്മുകാരെ എഫ്.ഐ.ആര്‍ തിരുത്തി രക്ഷിച്ച സംഭവത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ ന ാട്ടില്‍ കലാപത്തിന് ബോധപൂര്‍വ്വം ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേരാമ്പ്രയിലെ സര ്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ചയെ തകര്‍ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.

പേരാമ്പ്ര മസ്ജിദ്ദിന് നേരെ കല്ലെറിഞ്ഞത് നാട്ടില്‍ മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്‍റെ പേരിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. എന്നാല്‍, പൊലീസ് നിക്ഷ്പക്ഷമായ നടപടി സ്വീകരിച്ചതിനെതിരെ കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തി. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും പ്രതിഷേധിച്ചു. തുടര്‍ന്നാണ് എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയതും ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം കിട്ടിയതും. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ മാറ്റം വരുത്തുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ്.

നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ നടത്തിയ ശ്രമത്തിനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചയാളുകളെ അധികാരമുപയോഗിച്ച് രക്ഷപ്പെടുത്തിയ സര്‍ക്കാര്‍ സംഭവത്തിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു എന്നതാണ് വിരോധാഭാസം. അക്രമികളെ രക്ഷിക്കുകയും അതിനെതിരെ പ്രതിഷേധിക്കുന്നവരെ കല്‍തുറിങ്കിലടയ്ക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തിന് തന്നെ ആപത്തായി മാറിയിരിക്കുന്നു.

മതത്തിന്‍റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ അതേ നിലപാട് തന്നെയാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. പേരാമ്പ്ര മസ്ജിദ്ദ് കേസില്‍ എഫ്.ഐ.ആര്‍ തിരുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സംഭവത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രതികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Perambra Masjid Attack Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.