ജനം മാറ്റം ആഗ്രഹിക്കുന്നു, നൂറ് സീറ്റുകളിൽ യു.ഡി.എഫ് ജയിക്കും -കെ. മുരളീധരൻ

വട്ടിയൂർക്കാവ്: നൂറ് സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കുമെന്ന് വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട് എൽ.ഡി.എഫ് ഭരണം ജനത്തിന് മടുത്തു. മാറ്റത്തിനായുള്ള കാറ്റ് വീശുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. നൂറ് സീറ്റിൽ ഉറച്ചുനിൽക്കുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന അവകാശവാദവുമായി മുന്നണികൾ രം​ഗത്തെത്തി. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എൽ.ഡി.എഫിന്റെ ഭരണമികവും വികസനവും ജനം തിരിച്ചറിയുമെന്നും പിണറായി വിജയൻ പറഞ്ഞു. 2021നെക്കാൾ കൂടുതൽ സീറ്റ് എൽ.ഡി.എഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എൽ.ഡി.എഫിന്റെ ഭരണത്തിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. വികസനമുരടിപ്പിൽ നിന്നും കേരളത്തെ മുക്തമാക്കാൻ യു.ഡി.എഫിനാവുമെന്നൂം വി.ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണായക ശക്തിയാകുമെന്നും എൽ.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാലക്കാട് കണ്ടത് വെറും രാഷ്ട്രീയ നാടകം മാത്രമാണ്. ബി.ജെ.പിയുടെ വിജയം മുൻകൂട്ടി കണ്ട് പരാജയഭീതിയിൽ നടത്തുന്ന നാടകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ബി.ജെ.പി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലും ബി.ജെ.പി നമ്പർ വൺ പാർട്ടിയാകും. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദം തെരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയ കളികളാണെന്നും ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയുമെന്നും അനിൽ ആന്റണി ആവരകാശപ്പെട്ടു. കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര യു.ഡി.എഫിന് അനുകൂലമാണെന്നും റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല തരംഗമാണ് വീശിക്കൊണ്ടിരിക്കുന്നതെന്ന് പാലക്കാട് മണ്ഡലം സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടി. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ വോട്ടിനായി പണവും സാരിയും വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വിഡിയോകൾ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതുൾപ്പെടെ എതിരാളികൾ തനിക്കെതിരെ വ്യാപക അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തിയതായി പിഷാരടി ആരോപിച്ചു.

എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂർ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികൾക്ക് അറിയില്ല, സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുന്നില്ല, സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു, ക്ലാസ് റൂമുകൾ ഹൈടെകായി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വർഗീയ കലാപമില്ല, അഴിമതിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - People want change, UDF will win 100 seats - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.