വി.ഡി. സതീശൻ
തിരുവനന്തപുരം: കത്തോലിക്ക സഭക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി. ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് ഭീഷണിയുടെ സ്വരവുമായി ബി.ജെ.പി നേതൃത്വം ഇറങ്ങിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കമെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
സഭക്കും ദീപിക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭക്കെതിരെ പി.സി. ജോര്‍ജു മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം. സംഘ്പരിവാര്‍ സംഘടനകള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള്‍ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയോഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി പി.സി. ജോർജ് ബിഷപ്പിനെ കണ്ടിരുന്നു. രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപിക മുഖപ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് ഫാരിസ് അബൂബക്കറിന്‍റെ പത്രമാണെന്നും അവന്‍റെ വാപ്പായെ പറ്റിയാണ് എഴുതിയതെന്നുമായിരുന്നു പ്രതികരണം. താൻ സഭക്കെതിരല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിനോടാണ് തനിക്ക് പ്രശ്നം. അദ്ദേഹമാണ് മഠങ്ങളിലൊക്കെ വിളിച്ച് ഇത്തവണ യു.ഡി.എഫിന് വോട്ടു ചെയ്യണമന്ന് നിർദേശം നൽകിയത്. നിഷ്പക്ഷമായി നിൽക്കേണ്ട ബിഷപ്പും സഭാ നേതൃത്വവും യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
മാർ പള്ളിക്കാപറമ്പിൽ തിരുമേനിക്ക് നൂറു വയസ്സ് തികഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് ആശംസ അർപ്പിക്കാനാണ് വന്നത്. സഭക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു ബിഷപ്പിനെതിരെയാണ് താൻ സംസാരിച്ചത്. ബിഷപ്പുമാർ തെറ്റ് കാണിച്ചാൽ തെറ്റാണെന്ന് പറയുന്ന പാരമ്പര്യമാണ് തനിക്കുള്ളത്. അതാണ് ചെയ്തത്. രാഷ്ട്രീയം പറയാൻ വന്നതല്ല, രാഷ്ട്രീയം കളിച്ചാൽ ഇനിയും പറയുമെന്നും ജോർജ് പ്രതികരിച്ചു.
സംസാരിക്കുന്ന ശൈലി മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം പി.സി. ജോർജ് തള്ളി. ശൈലി മാറ്റാൻ സൗകര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിമർശിച്ചവരെ ഇത്തിൾക്കണ്ണികൾ എന്നും വിളിച്ചു. ബിഷപ്പിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോടും ജോർജ് രോഷാകുലനായാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.