പണം അടിച്ചു മാറ്റിയവനാര്?, പയ്യന്നൂര്‍ സി.പി.എമ്മില്‍ ഫണ്ട് തിരിമറി- ആൾമാറാട്ട വായ്പ വിവാദം

കണ്ണൂർ: പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിനു പിന്നാലെ സി.പി.എമ്മില്‍ വിണ്ടും ഫണ്ട് തിരിമറിയും ആൾമാറാട്ട വായ്പ ആരോപണവും കത്തുന്നു. വിവാദത്തിലകപ്പെട്ട പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് സി.പി.എം എന്ന പേരിൽ വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകൾ പതിച്ചത്.

വെള്ളൂരിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍നിന്ന് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ വ്യക്തി 1.75 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. കുറ്റം തെളിഞ്ഞിട്ടും പാർട്ടി പദവികളിൽനിന്ന് ഇയാളെ നീക്കാതെ സംരക്ഷിക്കുന്നു​വെന്നാണ് പരാതി.

‘പണം അടിച്ചുമാറ്റിയവനാര്, ഏയ് നേതൃത്വമേ നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും’ എന്നാണ് സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ പതിച്ച പോസ്റ്ററുകളിലുള്ളത്.

പയ്യന്നൂരിലെ പാർട്ടി നിയന്ത്രിത ബാങ്കിന്റെ ശാഖയിലാണ് ആള്‍മാറാട്ട വായ്പ നടന്നതായ ആരോപണം പുറത്തുവന്നത്. മുന്‍ നഗരസഭ കൗണ്‍സിലറുടെ ഭാര്യയുടെ പേരിൽ ബ്രാഞ്ച് സെക്രട്ടറിയും അതേ ബാങ്കിലെ ഉദ്യോഗസ്ഥനുമായ വ്യക്തി അരലക്ഷത്തിന്റെ വായ്പയാണ് കൈക്കലാക്കിയത്. ജാമ്യക്കാരായി നൽകിയതും വ്യാജപേരിൽ. ബാങ്കിൽ വായ്പയെടുക്കാൻ എത്തിയയാളാണ് തന്റെ പേരിൽ വ്യാജപേരിൽ ജാമ്യം നിന്ന വിവരം അറിഞ്ഞത്. വ്യാജവായ്പക്കെതിരേ അദ്ദേഹം പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ബാങ്കോ, പാര്‍ട്ടിയോ ഒരു നടപടി എടുത്തില്ലെന്നാണ് പരാതി. എന്തായാലും ഇരു വിവാദങ്ങളിൽ പാർട്ടി പ്രദേശിക നേൃത്വത്തെ കുഴക്കുകയാണ്.

Tags:    
News Summary - Payyannur CPM fund fraud controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.