നിയമ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതിന്‍റെ ഉത്തരവാദിത്തം ആർക്കെന്നത് സംബന്ധിച്ച് നിയമപോരാട്ടത്തിന് വഴിതുറക്കുന്നു. നടി ആക്രമണക്കേസിൽ അനുമതിയില്ലാതെ കോടതിയുടെ പക്കലുള്ള മെമ്മറി കാർഡ് മൂന്ന് തവണ തുറന്നു പരിശോധിച്ചെന്ന ഫോറൻസിക് റിപ്പോർട്ട് ചർച്ചയായതോടെയാണ് നിയമനടപടിക്ക് നീക്കം നടക്കുന്നത്. മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ അന്വേഷണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് ഇരയായ നടിയോ പൊതുതാൽപര്യം മുൻനിർത്തി മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയുണ്ട്.

ഇത്തരമൊരു ഹരജിയുമായി പ്രോസിക്യൂഷനോ അന്വേഷണ സംഘമോ കോടതിയിലെത്താനിടയില്ലെന്നറിയുന്നു. കേസിലെ വിചാരണ മറ്റൊരു ജഡ്ജിയെ ഏൽപിക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഹരജിയും കോടതിയിലെത്താൻ സാധ്യതയുമുണ്ട്.ജൂലൈ 15നകം തുടരന്വേഷണം പൂർത്തിയാക്കി നടി ആക്രമണക്കേസിലെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.

എന്നാൽ, ഇതിനിടെയാണ് മെമ്മറി കാർഡിലെ ഹാഷ്വാല്യുവിലെ മാറ്റം സംബന്ധിച്ച കണ്ടെത്തലിനെ തുടർന്ന് ഹൈകോടതി ഉത്തരവോടെ ഫോറൻസിക് പരിശോധനക്ക് അയച്ചത്. പ്രതിക്ക് അനുകൂലമായി മുൻ ഡി.ജി.പി ശ്രീലേഖയുടെ പരാമർശങ്ങളുമുണ്ടായി. ഇതോടെ അന്വേഷണത്തിന് സമയം കൂടുതൽ ആവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

കേസ് തിങ്കളാഴ്ച കോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്. അന്വേഷണത്തിന് സമയം നീട്ടി അനുവദിച്ചാൽപോലും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താനാവില്ലെന്ന നിയമപ്രശ്നം നിലനിൽക്കുന്നു. എങ്ങനെ ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്താനാകുമെന്ന ചോദ്യം ഹൈകോടതി തന്നെ ഉന്നയിച്ചിട്ടുമുണ്ട്.

എന്നാൽ, ഈ സംഭവത്തിൽ അന്വേഷണത്തിന് വിചാരണക്കോടതിയുടെയോ ഹൈകോടതിയുടെയോ ഭാഗത്തുനിന്ന് ഉത്തരവുകളൊന്നുമുണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിൽ കോടതിയുടെ പക്കലുള്ള തെളിവുകൾ നിയമപരമായ അനുവാദമില്ലാതെ പരിശോധനക്ക് വിധേയമാക്കിയതായി കണ്ടെത്തിയാൽ ഉത്തരവാദിത്തം ആർക്കെന്നത് സംബന്ധിച്ച് വ്യാപക ചർച്ചയാണ് നടക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആര് നടത്തണമെന്നും ആർക്കാണ് ഉത്തരവാദിത്തമെന്നും നിയമപരമായ വ്യക്തത ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലെത്തുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അന്വേഷണത്തിന് കോടതി സമയം നീട്ടിനൽകിയാലും സംഭവത്തിൽ വിപുലമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കഴിയില്ല.

സമയം നീട്ടി അനുവദിക്കാതിരുന്നാലാകട്ടെ, അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച തന്നെ നൽകാൻ അവർ നിർബന്ധിതരാകുകയും മെമ്മറി കാർഡ് പരിശോധനയും ഹാഷ് വാല്യു മാറ്റവും സംബന്ധിച്ച നിർണായക വിഷയങ്ങളിൽ വ്യക്തതയില്ലാതെ തന്നെ വിചാരണ നടപടിയിലേക്ക് പോകേണ്ടതായും വരും. ഇത് ഇരക്ക് ദോഷകരമായേക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ ഹരജികൾ സംബന്ധിച്ച് ആലോചന. മെമ്മറി കാർഡ് വിഷയത്തിലെ അന്വേഷണവും വിചാരണക്കോടതി ജഡ്ജിയെ മാറ്റലും സംബന്ധിച്ച ആവശ്യങ്ങളുന്നയിച്ച് ഇരയോ മറ്റാരെങ്കിലുമോ ഹരജി നൽകിയാൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും അത് ഗുണകരമാകും.

Tags:    
News Summary - Paving the way for a legal battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.