പാറ്റൂര്‍ ഭൂമി ഇടപാട്: ഉമ്മന്‍ ചാണ്ടി മൂന്നാം പ്രതി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണും മൂന്നും നാലും പ്രതികള്‍. ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജല അതോറിറ്റി എന്‍ജിനീയര്‍മാരായ സോമശേഖരന്‍, മധു എന്നിവര്‍ ഒന്നും രണ്ടും പ്രതികളും ‘ആര്‍ടെക്’ എം.ഡി അശോകന്‍ അഞ്ചാംപ്രതിയുമാണ്. 2015 നവംബര്‍ 30ന് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍, കോടതി വിമര്‍ശനത്തിനുശേഷമാണ് വിജിലന്‍സ് നടപടി. സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യവ്യക്തിക്ക് ഒത്താശചെയ്തെന്നായിരുന്നു പരാതി. 

റവന്യൂ രേഖകളായ തണ്ടപ്പേര് രജിസ്റ്ററിലെ തിരിമറി, ജല അതോറിറ്റിയിലെ നിര്‍ണായക ഫയലുകള്‍ കാണാതായത് എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ അഴിമതി നിരോധനനിയമത്തിലെ 13(2), 13(1) (ഡി) വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ലോകായുക്ത അന്വേഷണം നിലനില്‍ക്കെതന്നെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍മാരുടെ രണ്ടാം സംയുക്ത നിയമോപദേശത്തെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോകായുക്തയില്‍ സമാനപരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ കേസെടുക്കാനാവില്ളെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയുടെ നിലപാട് നിയമോപദേശകര്‍ തള്ളിയിരുന്നു. ഇതിനെ കോടതി കഴിഞ്ഞതവണ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും സംയുക്ത നിയമോപദേശം തേടിയത്. ലോകായുക്തയിലെ അന്വേഷണം പൂര്‍ത്തിയാവാന്‍ വിജിലന്‍സ് കാത്തുനില്‍കേണ്ടതില്ളെന്നാണ് അഡ്വക്കറ്റ് ജനറല്‍ നേരത്തെ നിയമോപദേശം നല്‍കിയിരുന്നത്. എന്നാല്‍, ഇത് മറികടന്ന് കേസെടുക്കാനാകില്ളെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ നിയമിച്ച അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍െറ നിലപാട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ളെന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചതാണ് കോടതി വിമര്‍ശനത്തിനിടയാക്കിയത്. ഇതിനുപുറമേയാണ് കേസെടുക്കണമെന്ന നിയമോപദേശകരുടെ നിര്‍ദേശവും വന്നത്. ലോകായുക്ത അന്വേഷണം പൂര്‍ത്തിയായാലും ആ ഉത്തരവിന് ഉപദേശകസ്വഭാവം മാത്രമാണുള്ളതെന്നും നിയമോപദേശകര്‍ അറിയിച്ചു. സ്വകാര്യ കമ്പനിക്ക് വേണ്ടി തര്‍ക്കഭൂമിയില്‍നിന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ഭരത് ഭൂഷണും അനുമതിനല്‍കിയ രേഖകള്‍ വി.എസ് കൈമാറിയിരുന്നു. 


പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചത് കേസ് എടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ച്
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന വിജിലന്‍സ് ശിപാര്‍ശ അട്ടിമറിച്ചാണ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. വാട്ടര്‍ അതോറിറ്റി 50 വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ സ്ഥിതിചെയ്യുന്ന പുറമ്പോക്ക് ഭൂമി കൈയേറിയതിനായിരുന്നു കേസെടുക്കാനുള്ള ശിപാര്‍ശ. ഈ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് ജല അതോറിറ്റിയുടെ അഭിപ്രായം ആരാഞ്ഞില്ളെന്നതടക്കമുള്ളവയായിരുന്നു വി.എസിന്‍െറ ഹരജിയിലെ ആരോപണങ്ങള്‍.

 അവരുതി മാള്‍ മാനേജ്മെന്‍റ് കമ്പനി രജിസ്റ്റര്‍ ചെയ്ത വിലയാധാരത്തില്‍ 17 സെന്‍റ് പുറമ്പോക്ക് ഭൂമി അനധികൃതമായി ഉള്‍പ്പെടുത്തിയതായി അക്കൗണ്ടന്‍റ് ജനറലിന്‍െറ പരിശോധനയിലും തെളിഞ്ഞിരുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെ രേഖാമൂലം അറിയിക്കുകയുംചെയ്തു. തുടര്‍ന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, ഫയലുകള്‍ കൈകാര്യംചെയ്തിരുന്നവര്‍ മന$പൂര്‍വം കാലതാമസം വരുത്തുകയായിരുന്നു. വിവാദഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് മെമ്മോ നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തതിലൂടെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായില്ല. പിന്നീട് 2013ല്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനി കൈയേറിയതായി കണ്ടത്തെുകയും ക്രമിനല്‍ കേസിന് ശിപാര്‍ശയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ നിര്‍മാണ കമ്പനിയുടെ എം.ഡി പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്  നിവേദനംനല്‍കുകയും അദ്ദേഹം ജലവകുപ്പിന് കീഴിലെ ഫയലുകള്‍ വിളിച്ചുവരുത്തുകയും ചെയ്തു. പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം മുന്‍ ജലവിഭവ മന്ത്രിയും നിരസിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി. 

ആരോപണങ്ങള്‍ തെളിഞ്ഞു വി.എസ്
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്തതോടെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞതായി വി.എസ്. അച്യുതാനന്ദന്‍. സത്യസന്ധമായകാര്യങ്ങളാണ് പുറത്ത് പറഞ്ഞിട്ടുള്ളത്. അതാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.മറ്റ് ജോലികള്‍ ഒന്നും ഇല്ലാത്തതിനാലാണ് കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഭരണപരിഷ്കാര കമീഷന്‍െറ പരിധിയില്‍ വരുന്നതല്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pattoor case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.