മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്‍റ്​ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണം

ബഷീർ സമ്മാനിച്ച പൊന്നിന്‍റെ കമ്മലെവിടെ; വർഷങ്ങൾക്ക്​ ശേഷം തുറന്നു പറഞ്ഞ്​ പാത്തുമ്മയുടെ മകൾ

മൂവാറ്റുപുഴ: ബഷീർ മാമ സമ്മാനിച്ച കമ്മലിന് ഇത്ര മൂല്യമുണ്ടായിരുന്നുവെന്ന് കരുതിയിരുന്നില്ലെന്ന് ബേപ്പൂർ സുൽത്താന്‍റെ സഹോദരി പുത്രി ഖദീജ. തന്‍റെ അമ്മാവനായ വൈക്കം മുഹമ്മദ്​ ബഷീര്‍ സമ്മാനിച്ച കമ്മല്‍ സൂക്ഷിക്കേണ്ടത് ആയിരുന്നുവെന്നും കല്യാണത്തിനോടനുബന്ധിച്ച്  മാറ്റി വാങ്ങുകയായിരുന്നുവെന്നും അവർ  പറഞ്ഞു. 'പാത്തുമ്മയുടെ ആട് ' എന്ന കഥയില്‍  പാത്തുമ്മ തന്‍റെ മക്കള്‍ക്ക് വേണ്ടി സഹോദരനായ ബഷീറിനോട് ആവശ്യപ്പെടുന്ന പൊന്നിന്‍റെ കമ്മല്‍ കിട്ടിയിരു​ന്നോ എന്ന വിദ്യാർഥിനി സനാ ഫാത്തിമയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഖദീജ ഈ വിവരം പങ്കുവച്ചത്. ബഷീറിന്‍റെ സഹോദരിയും കഥാപാത്രവുമായിരുന്ന പാത്തുമ്മയുടെ മകളാണ്​ ഖദീജ. 

മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ബഷീർ അനുസ്മരണ ദിനാചരണത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജ മനസുതുറന്നത്. സ്‌കൂളിലെ 'വായന കൂട്ടം' ഒരുക്കിയ ഓണ്‍ലൈന്‍ സംവാദത്തിലായിരുന്ന ഖദീജയുടെ തുറന്നു പറച്ചിൽ . 

ബഷീര്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍  ഖദീജയായിരുന്നു മുഖ്യ അതിഥി. ഒരു ജീവജാലങ്ങളേയും വേദനിപ്പിക്കരുത് എന്ന വലിയ സന്ദേശം കഥയില്‍ മാത്രമല്ല ജീവിതത്തിലും ബഷീര്‍ പുലര്‍ത്തിപ്പോന്നിരുന്നുവെന്ന്  ഖദീജ അനുസ്മരിച്ചു. എവിടെച്ചെന്നാലും പാത്തുമ്മയുടെ മകള്‍ എന്ന നിലയില്‍ വളരെ സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുവെന്നും എല്ലാവരുടെയും പ്രിയപ്പെട്ട ബഷീറിന്‍റെ അനന്തരവള്‍ ആയി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായെന്നും ഖദീജ പറഞ്ഞു.

സുനിമോള്‍ മൊയ്തു ചീഫ് കോര്‍ഡിനേറ്ററായ പരിപാടിയില്‍  സ്‌കൂള്‍ മാനേജര്‍ ടി .എസ് . അമീര്‍, ഹെഡ്മാസ്റ്റര്‍ സോണി മാത്യു , പി സക്കറിയ, സുസ്മിത സക്കറിയ, ശ്രീജ കെ. എന്‍ .എസ്സ്.എസ്സ്. പ്രോഗ്രാം ഓഫീസര്‍ സ്‌നേഹ എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് തര്‍ബിയത്ത് വായനക്കൂട്ടത്തിലെ കുട്ടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുചേരുകയും ബഷീര്‍ കൃതികളെ കുറിച്ച് സംവദിക്കുകയും അവരുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.