പത്തനംതിട്ട: സ്വന്തം പാർട്ടിക്കാർ അവിശ്വാസ പ്രമേയവുമായി വന്നതോടെ കോൺഗ്രസുകാരിയായ പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ രജനിപ്രദീപ് രാജിവച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് രജനി രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ കരാറനുസരിച്ച് രണ്ടര വർഷത്തെ കാലാവധിയാണ് ചെയർപേഴ്സൺ സ്ഥാനത്ത് രജനി പ്രദീപിന് അനുവദിച്ചതെന്നും അതു കഴിഞ്ഞ് സ്ഥാനമൊഴിയാൻ കൂട്ടാക്കാതിരുന്നതിനാലാണ് അവിശ്വാസം കൊണ്ടുവന്നതെന്നാണ് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറയുന്നത്. കരാർ വ്യവസ്ഥ തനിക്ക് അറിയില്ലായിരുന്നുവെന്നും അതിനാലാണ് സ്ഥാനം ഒഴിയാതിരുന്നതെന്നുമാണ് രജനി വ്യക്തമാക്കുന്നത്.
മാസങ്ങളായി രജനി രാജിവക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അതിന് മുതിരാതിരുന്നതിനെ തുടർന്ന് കെ.പി.സി.സി അനുമതിയോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി നിർദേശം നൽകിയത്. പ്രമേയം ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷമായ എൽ.ഡി.എഫ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ രജനിയെ പിന്തുണച്ചിരുന്ന കോൺഗ്രസ് കൗൺസിലർമാർ മറുകണ്ടം ചാടി. 31 അംഗ കൗൺസിലിൽ 22 പേരാണ് യു.ഡി.എഫിനുള്ളത്. ഇതിൽ 16 പേർ കോൺഗ്രസുകാരാണ്. കോൺഗ്രസുകാരിൽ ഭൂരിഭാഗവും രജനിക്കൊപ്പമായിരുന്നു. പ്രതിപക്ഷ തീരുമാനം വന്നതോടെ ഇവർ സ്വന്തം പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 നാണ് അവിശ്വാസം ചർച്ചക്ക് എടുക്കാനിരുന്നത്. 10.30ന് രജനി വാർത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ ചെയർപേഴ്സനെ കണ്ടെത്തൽ കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.