തൃശൂർ: കേരള പൊലീസ് അക്കാദമിയിലെ 90 ദിവസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 13ാമത് ബാച്ചിലെ 33 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് രാമവർമപുരം പൊലീസ് ഗ്രൗണ്ടിൽ നടന്നു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. റോഡുകളിൽ സ്ഥാപിച്ച അത്യാധുനിക കാമറകൾ, ജി.പി.എസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് റോഡ് അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
ട്രാൻസ്പോർട്ട് കമീഷണർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഗോപേഷ് അഗ്രവാൾ, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ, ഡെപ്യൂട്ടി കമീഷണർ എം.പി. ജയിംസ് എന്നിവർ സന്നിഹിതരായി. 2022 നവംബർ 13നാണ് കേരള പൊലീസ് അക്കാദമിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ അടിസ്ഥാന പരിശീലനത്തിന് തുടക്കം കുറിച്ചത്. 90 ദിവസത്തെ പരിശീലന കാലയളവിൽ ഇൻഡോർ വിഭാഗത്തിൽ മോട്ടോർ വാഹന നിയമം, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിലും മറ്റ് പ്രാദേശിക നിയമങ്ങളിലും ക്ലാസുകൾ നൽകി. ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരിക ക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ കമ്പ്യൂട്ടർ, നീന്തൽ, ആയുധ, ഫയറിങ് പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.