വിമാനം വൈകിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ വലച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതത്വത്തിലായത്.
വിമാനം പുറപ്പെടാൻ വൈകുമെന്ന് തുടർച്ചയായി അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ ഇന്ന് പുലർച്ചെ 2.55 നാണ് വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ 12.25 ന് പോകേണ്ടിയിരുന്ന കൊച്ചി -ദുബൈ വിമാനം തിരിച്ചതാകട്ടെ രാവിലെ 6.10 നും.
ദുബൈ ഉൾപ്പെടെ യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ മൂന്ന് ദിവസമായി കൃത്യമായി പുറപ്പെടുന്നില്ല. ഇത് അവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
ഫുജൈറയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്റെ യാത്രാസമയം പലതവണ റീ-ഷെഡ്യൂൾ ചെയ്തെങ്കിലും കൃത്യമായ കാരണം വ്യക്തമാക്കാൻ വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും എപ്പോൾ വിമാനം പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർക്ക് ആവശ്യമായ വിശ്രമസൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കി നൽകിയില്ലെന്നും പരാതിയുണ്ട്.
അപ്രതീക്ഷിതമായുണ്ടായ വിമാന സർവിസ് തടസ്സം മൂലം വിസ കാലവധി അവസാനിക്കാറായവരും അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരുമായ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്പൈസ് ജെറ്റ് പ്രതിനിധികളും സ്ഥലത്തെത്തി യാത്രക്കാരുമായി ചർച്ച നടത്തി.
വ്യാഴാഴ്ച ഫുജൈറ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിന്‍റെ സമയം രാത്രി ഒമ്പതരയിലേക്ക് മാറ്റിയതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു.
ഇത് അനുസരിച്ച് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകാൻ മണിക്കൂറുകൾ യാത്രചെയ്ത് ഫുജൈറയിലെത്തിയ നിരവധി യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.