തൃശൂർ: പ്രവർത്തകർക്കിടയിൽ സംഘടനാബോധം കുറഞ്ഞുവരുന്നതായും പിണറായി സർക്കാറിന്റെ തുടർഭരണം സംഘടനക്ക് ക്ഷീണമുണ്ടാക്കിയെന്നും ഡി.വൈ.എഫ്.ഐ സംഘടനാ റിപ്പോർട്ട്. മുഴുവൻ സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുകയെന്ന നേതൃബോധത്തിലേക്ക് മിക്കവർക്കും എത്താനായിട്ടില്ല. ഹാജർ കുറഞ്ഞവരോട് വിശദീകരണം ചോദിക്കേണ്ടിവന്നു. പാറ്റകളുടെ ന്യൂജൻ സമര വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐ സമരരീതി പരിഷ്കരിക്കണം. കമ്മിറ്റികളിൽ 20 ശതമാനമെങ്കിലും വനിതാ പ്രാതിനിധ്യം വേണമെന്ന നിർദേശം പാലിക്കാനായിട്ടില്ല. മിക്ക ജില്ലകളിലും സഹഭാരവാഹികളായിട്ടുപോലും യുവതികളില്ല. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ ചില നിലപാടുകൾ ഇടതുസമീപനത്തിന് പ്രതികൂലമാകുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
രണ്ട് ടേം ഭരണം സംഘടനയുടെ സമരോർജം ഇല്ലാതാക്കി. ഭരണം മികച്ചതായിട്ടും നേട്ടം ജനങ്ങളിൽ എത്തിക്കാനായില്ല. തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകളിൽ നേതാക്കൾക്കിടയിൽ വിഭാഗീയത പ്രകടമായി. ഡി.വൈ.എഫ്.ഐയിൽ അംഗങ്ങൾ കുറഞ്ഞുവരുന്നു. അടുത്തിടെ കണ്ടുവരുന്ന ചെറുപ്പക്കാരുടെ വിദേശ കുടിയേറ്റം പ്രതികൂല ഘടകമാണ്.
ഡി.വൈ.എഫ്.ഐ കേരള ഘടകത്തിൽ 51,93,854 അംഗങ്ങളാണ് നിലവിലുള്ളത്. നാല് വർഷം മുമ്പുള്ളതിനേക്കാൾ അംഗങ്ങൾ കുറഞ്ഞിട്ടുണ്ട്. വർഗീയ ശക്തികൾക്കെതിരെ തിരുത്തൽ ശക്തിയായി നിലിനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിൽനിന്ന് പൂർണമായി മാറ്റിനിർത്തുമെന്നും റിപ്പോർട്ട് അവതരിപ്പിച്ച് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. സമ്മേളനം ശനിയാഴ്ച സമാപിക്കും. രാവിലെ അഖിലേന്ത്യാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകീട്ട് വി.എസ്. അച്യുതാനന്ദൻ നഗറിൽ (അരണാട്ടുകര നേതാജി ഗ്രൗണ്ട്) ചേരുന്ന പൊതുയോഗം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.