യാത്രക്കാരുടെ ശ്രദ്ധക്ക്, ട്രെയിനുകൾ വൈകിയോടുന്നു; ജനശതാബ്ദി പുറപ്പെടുക 8.45ന്

തിരുവനന്തപുരം: കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതിനാൽ ട്രെയിനുകൾ വൈകിയാണ് സർവിസ് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) രണ്ടുമണിക്കൂര്‍ 50 മിനിറ്റ് വൈകും.

രാവിലെ 8.45നെ ട്രെയിൻ പുറപ്പെടൂവെന്ന് റെയില്‍വെ അറിയിച്ചു. പെയറിങ് ട്രെയിന്‍ വൈകിയതാണ് കാരണം. വ്യാഴാഴ്ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്‌-തിരുവനന്തപുരം എക്‌സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്‌. രാവിലെ 5.20ന് യാത്ര തിരിക്കേണ്ട എറണാകുളം-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്‌.

വ്യാഴാഴ്ച രാത്രി കാറ്റിലും മഴയിലും കടയ്ക്കാവൂരിൽ റെയിൽവേ ലൈനിൽ മരക്കൊമ്പ് ഒടിഞ്ഞുവീണതാണ് ട്രെയിൻ സർവിസുകൾ വൈകാനിടയാക്കിയത്. മരക്കൊമ്പ് നീക്കാൻ താമസമുണ്ടായതിനെ തുടർന്ന് കടയ്ക്കാവൂർ, കഴക്കൂട്ടം, കൊച്ചുവേളി, മുരുക്കുംപുഴ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടു. ആയിരക്കണക്കിന് യത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. രാത്രി ഏറെ വൈകിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കാനായത്.

മലബാർ എക്സ്പ്രസ്, കൊല്ലം പാസഞ്ചർ, ഹംസഫർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വേളിയിൽ പിടിച്ചിട്ടു. വഞ്ചിനാട് എക്സ്പ്രസ്, കന്യാകുമാരി-പുനലൂർ പാസഞ്ചർ എന്നിവ കഴക്കൂട്ടത്തും ഇന്‍റർസിറ്റി എക്സ്പ്രസ് മുരുക്കുംപുഴയിലും ചെന്നൈ എക്സ്പ്രസ് വർക്കലയിലും പിടിച്ചിട്ടു. വിവിധ സ്ഥലങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരക്കൊമ്പുകൾ നീക്കം ചെയ്തത്.

മരങ്ങൾ നീക്കിയെങ്കിലും ഇലക്ട്രിക് ലൈനിലെ പണികൾ പൂർത്തിയാക്കി സിഗ്നൽ ക്ലിയറാകാൻ സമയമെടുത്തു.

Tags:    
News Summary - Passengers' attention, trains are running late; Jan Shatabdi departs at 8.45 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.