ആ വിമാന വാതിൽ തുറന്നിരുന്നെങ്കിൽ? ശ്രമിച്ചിട്ടും തുറക്കാത്തതിന് ആകാശത്തോളം നന്ദി...!
നെടുമ്പാശ്ശേരി: വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ മാത്രം തുറക്കേണ്ട വാതിൽ ആകാശ യാത്രക്കിടെ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ഈ വാതിൽ തുറന്നാൽ പുറമേ നിന്നുള്ള വായു അകത്തേക്ക് പ്രവേശിക്കുകയും അങ്ങനെ സംഭവിച്ചാൽ വിമാനത്തിന്റെ നിയന്ത്രണം വരെ പൈലറ്റിന് നഷ്ടപ്പെടുന്ന സാഹചര്യം വരേ ഉണ്ടായേക്കാം.
പാലക്കാട് തെക്കേ വാവന്നൂർ അത്താണിക്കൽ വീട്ടിൽ ജംഷീറാണ് (34) ആകാശ യാത്രക്കിടെ വിമാനത്തിൽ അടിയന്തര സാഹചര്യത്തിൽ മാത്രം തുറക്കേണ്ട വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
പലതവണ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ ബലംപ്രയോഗിച്ച് കീഴടക്കിയത്. വിമാനത്തിൽ ഇത്തരത്തിൽ നിരവധി വാതിലുകളുണ്ടാകും. വിമാനത്തിനകത്ത് അഗ്നിബാധയുൾപ്പെടെ സംഭവങ്ങളുണ്ടാകുമ്പോൾ പൈലറ്റ് സന്ദേശം നൽകും. അപ്പോൾ മാത്രമേ ഇത് തുറക്കാൻ പാടുള്ളൂ. സാധാരണ വിമാനം ലാൻഡ് ചെയ്ത ശേഷമാണ് ഇത് തുറക്കേണ്ടത്.
കോലാലംപൂരിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന ബാത്തിക് എയർ വിമാനത്തിന്റെ ജനൽ ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ജംഷീർ പൊടുന്നനെ അടിയന്തര സാഹചര്യത്തിൽ തുറക്കേണ്ട വാതിലിന് സമീപമുള്ള ജനൽ കൈ കൊണ്ട് അടിച്ചുതകർത്തു. പിന്നീട് വാതിലും ഇത്തരത്തിൽ തകർക്കാൻ ശ്രമിച്ചപ്പോഴേക്കും സഹയാത്രിക്കും വിമാനജീവനക്കാരും ചേർന്ന് കീഴടക്കുകയായിരുന്നു.
വിമാനം നെടുമ്പാശേരിയിലിറക്കിയ ശേഷം ഇയാളെ പൊലീസിന് കൈമാറി. എന്നാൽ ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടോയെന്നതും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.