പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസായി; സാധാരണ ടിക്കറ്റുകാർ മൂന്നിലൊന്ന്

തൃശൂർ: യാത്രികർക്ക് ദുരിതം സമ്മാനിച്ച് പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആയപ്പോൾ ട്രെയിനിൽ ഹ്രസ്വദൂര-സാധാരണ ടിക്കറ്റിൽ യാത്രചെയ്യുന്നവരുടെ എണ്ണം മൂന്നിലൊന്നായി. റെയിൽവേക്ക് വൻ വരുമാന നഷ്ടവും. സാധാരണ ട്രെയിൻ യാത്രികരിൽ അധികവും 50 മുതൽ 150 വരെ കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നവരാണ്. അവരുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നത്. തൃശൂരിൽനിന്ന് 2019 ജൂലൈയിൽ നാലു ലക്ഷത്തിലധികം സാധാരണ ടിക്കറ്റ് യാത്രികരിൽനിന്ന് മൂന്നു കോടിയോളം രൂപയും 2600ലധികം സീസൺ ടിക്കറ്റ് യാത്രികരിൽനിന്നായി ഒമ്പതര ലക്ഷം രൂപയും വരുമാനം ലഭിച്ചപ്പോൾ 2022 ജൂലൈയിലെ വരുമാനം യഥാക്രമം 1.30 ലക്ഷത്തിലധികം സാധാരണ യാത്രികരിൽനിന്നും ഒന്നേകാൽ കോടിയോളം രൂപയും 1200ലധികം സീസൺ ടിക്കറ്റുകാരിൽനിന്നും നാലേകാൽ ലക്ഷത്തിലധികം രൂപയുമാണ്.

സാധാരണ ടിക്കറ്റിൽ യാത്രചെയ്യുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. എന്നാൽ, അവരിൽനിന്നുള്ള വരുമാനം കോവിഡിന് മുമ്പുള്ളതിന്‍റെ ഏതാണ്ട് 43 ശതമാനം ആണ്. യാത്രികരുടെ എണ്ണവും വരുമാനവും തമ്മിലുള്ള ഈ പൊരുത്തക്കേട് ഒരുപക്ഷേ, പാസഞ്ചർ വണ്ടികൾക്ക് എക്സ് പ്രസ് നിരക്ക് ഈടാക്കുന്നതുകൊണ്ടാകാം. രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക്, ഉപാധികളില്ലാതെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലസ് ടിക്കറ്റുകൾ ഇപ്പോൾ നൽകാത്തത് സാധാരണ യാത്രികരെ ബാധിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരിൽനിന്നുള്ള വരുമാനവും പകുതിയിൽ താഴെയായി.

എന്നാൽ, റിസർവ് ചെയ്തുള്ള യാത്രയുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. 2019 ജൂലൈയിൽ 16,000ത്തിലധികം ടിക്കറ്റുകളിലായി 32,000ത്തോളം യാത്രക്കാർ മൊത്തം 1.10 കോടിയിലധികം രൂപ (റീഫണ്ടിന്‌ ശേഷം) വരുമാനം നൽകിയപ്പോൾ 2022ലെ അതേ കാലയളവിൽ 14,000ത്തോളം ടിക്കറ്റുകളിലായി 24,000ത്തിലധികം യാത്രക്കാർ മൊത്തം ഒരു കോടിയിലധികം രൂപ (റീഫണ്ടിന്‌ ശേഷം) റെയിൽവേക്ക് വരുമാനമുണ്ടാക്കി.

യാത്രികരുടെ എണ്ണത്തിൽ 20 ശതമാനത്തിലധികം കുറവുണ്ടായപ്പോൾ മൊത്തം വരുമാനത്തിൽ നേരിയ കുറവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. മുതിർന്ന പൗരന്മാർക്കടക്കമുള്ള വിവിധ സൗജന്യങ്ങൾ ഒഴിവാക്കിയതിനാലാകാം ഇത്. തൃശൂരിന്‍റെ 'ഉപഗ്രഹ സ്റ്റേഷനാ'യ പൂങ്കുന്നത്ത് 2019 ജൂലൈയിൽ സാധാരണ ടിക്കറ്റുകളിൽ നിന്നുള്ള വരുമാനം നാലേമുക്കാൽ ലക്ഷം രൂപയും റിസർവേഷനിൽനിന്നുള്ളത് 19 ലക്ഷവുമായിരുന്നത് 2022 ജൂലൈ മാസം യഥാക്രമം മൂന്ന് ലക്ഷവും 23 ലക്ഷവുമായി മാറി.

50 കി. മീറ്ററിൽ കുറവ് ദൂരം യാത്ര ചെയ്തിരുന്നവരിൽ ബഹുഭൂരിപക്ഷവും, പൊതുഗതാഗതം നിലച്ച കോവിഡ് കാലത്ത് സ്വകാര്യ, ഇരുചക്ര വാഹനങ്ങളിലേക്ക് മാറി. മാറിയവരിൽ ഭൂരിപക്ഷവും തിരിച്ചുവന്നില്ല. പ്രാദേശിക റൂട്ടുകളിൽ ഓടുന്ന ബസുകളും നിരത്തുകളിലെ ഗതാഗത തിരക്കും ഇത് സാക്ഷ്യപ്പെടുത്തും.

Tags:    
News Summary - Passenger trains as express; Regular ticket holders are one-third

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.