കൊച്ചി: ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഫോർട്ട്കൊച്ചി വെളിയിലെ പാപ്പാഞ്ഞിക്ക് എന്തിനാണ് വിലക്കെന്ന് ഹൈകോടതി. 50 അടി ഉയരമുള്ള പാപ്പാഞ്ഞിയെ പൊളിച്ചുനീക്കണമെന്ന് പൊലീസ് നിർദേശിച്ചത് പൊലീസ് ആക്ടിലെ ഏത് വകുപ്പുകൾ പ്രകാരമാണെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ആരാഞ്ഞു. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസിനും വെളിയിൽ പാപ്പാഞ്ഞി ഉയർത്തിയ ഗാല ഡി ഫോർട്ട് കൊച്ചി ക്ലബിനും നിർദ്ദേശം നൽകി. ഹരജി 27ന് വീണ്ടും പരിഗണിക്കും.
വെളിയിൽ പാപ്പാഞ്ഞി അഗ്നിക്കിരയാക്കുന്നത് പൊലീസ് തടയുന്നതിനെതിരെ ഗാല ഡി ഫോർട്ട് കൊച്ചി ക്ലബ് നൽകിയ ഹരജിയാണ് പരിഗണിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് ഉയർത്തുന്ന പാപ്പാഞ്ഞിയെ പുതുവത്സര രാത്രിയിൽ അഗ്നിക്കിരയാക്കുന്നത് കൊച്ചിക്കാരുടെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കാർണിവൽഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് 30 അടിയിലേറെ ഉയരമുണ്ടെന്നിരിക്കെ വെളിയിലെ പാപ്പാഞ്ഞിക്ക് പത്തടിയിലേറെ ഉയരമുണ്ടെന്ന ആരോപണം ന്യായമല്ലെന്നും ബോധിപ്പിച്ചു. ഹരജിക്കാർക്കായി അഭിഭാഷകരായ എം.പി. ശ്രീകൃഷ്ണൻ, എ. മുഹമ്മദ് മുസ്തഫ, വി.ആർ. ലക്ഷ്മി എന്നിവർ ഹാജരായി. ഫോർട്ട്കൊച്ചി വെളിയിൽ പാപ്പാഞ്ഞിയെ ഉയർത്താൻ അനുമതി നൽകാമെങ്കിൽ കത്തിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. ഇതിന് എന്തെങ്കിലും സുരക്ഷാപ്രശ്നങ്ങളുണ്ടോ? ഉണ്ടെങ്കിൽ വ്യക്തമാക്കണം. ചട്ടങ്ങൾ ലംഘിച്ചെങ്കിൽ അക്കാര്യങ്ങളെല്ലാം വ്യക്തമാക്കണം. കാർണിവൽ കമ്മിറ്റി പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയും വെളിയിലെ പാപ്പാഞ്ഞിയും തമ്മിലുള്ള അകലമെത്ര? രണ്ടുകിലോമീറ്ററോളം അകലമുണ്ടെങ്കിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടോ? സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.
എന്നാൽ, മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗാലാ ഡി കൊച്ചി പാപ്പാഞ്ഞിയെ നിർമിച്ചതെന്നും അഞ്ച് ദിവസം മുമ്പാണ് ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയതെന്നും കഴിഞ്ഞ 40 വർഷമായി നടക്കുന്ന കൊച്ചിൻ കാർണിവലിന്റെ ഭാഗമായ പാപ്പാഞ്ഞിയെ കത്തിക്കൽ മാത്രം മതിയെന്നുമാണ് പൊലീസ് നിലപാട്. വിദേശികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ആളുകൾ പുതുവത്സരം ആഘോഷിക്കാൻ ഫോർട്ട്കൊച്ചിയിൽ എത്തും. ഇതിനായി സുരക്ഷ ഒരുക്കാൻ ആയിരത്തോളം പൊലീസിനെ വിന്യസിക്കണം. അതിനാൽ പരേഡ് മൈതാനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെളിയിൽ സ്വകാര്യ ക്ലബുകളുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞി കത്തിക്കലിന് സുരക്ഷ ഒരുക്കുന്നതും ഗതാഗതം ക്രമീകരിക്കുന്നതും വെല്ലുവിളിയാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.