പത്തനംതിട്ട: പമ്പ മണൽപ്പുറത്ത് ജലനിരപ്പ് താഴ്ന്നില്ല. ഇതോടെ പമ്പയില്‍ പൊലീസ് ബാരിേക്കഡ് സ്ഥാപിച്ചും വടംകെട്ടിയും തീർഥാടകർ കടന്നുപോകുന്നത് തടഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്നവരെ തിരിച്ചയക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനും നിറപുത്തരി പൂജകൾക്കുമായി അയ്യപ്പഭക്തര്‍ എത്തുന്നത് തല്ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.
പമ്പ ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് ദേവസ്വം ഗസ്റ്റ് ഹൗസിൽ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ദേവസ്വം ജീവനക്കാർ, വാട്ടർ അതോറിറ്റി, കെ.എസ് ഇ.ബി ജീവനക്കാർ, കടകളിലെ ജീവനക്കാർ എന്നിവർ ഉൾപ്പെടെ 22 പേരാണ് ഇവിടെയുള്ളത്. ദേവസ്വം ബോർഡിന്‍റെയും വാട്ടർ അതോറിറ്റിയുടെയും ടാങ്കിൽ കുടിവെള്ളവും ലഭ്യമാണ്. കടകളിലെ ജീവനക്കാർ സ്വന്തം നിലയിൽ ഭക്ഷണം തയാറാക്കുകയും ചെയ്യുന്നുണ്ട്. ദേവസ്വം മരാമത്ത് കോംപ്ലക്സിലെ ഡോർമെറ്ററിയിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വൈദ്യസഹായ കേന്ദ്രം തുടങ്ങി. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള മെഡിക്കൽ ടീമിനെയാണ് ഇവിടെ നിയോഗിച്ചത്.
സുരക്ഷായി 50 പോലീസുകാരെ പമ്പയിലേക്ക് വിന്യസിച്ചിട്ടുണ്ട്. അതേസമയം, കക്കി ഡാമിന്‍റെ നാല് ഷട്ടറുകൾ 30 സെ.മി ഇന്ന് തുറന്നു. കക്കി ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ജലനിരപ്പ് 980.9 മീറ്ററാണ്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കൊച്ചു പമ്പ ഡാമിന്‍റെ നാല് ഷട്ടറുകൾ 30 സെമി കൂടി തുറന്നിട്ടുണ്ട്. 985.75 മീറ്റർ ആണ് കൊച്ചു പമ്പ ഡാമിലെ ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.