കൊച്ചി: ദേശീയാത പാലിയേക്കരയിലെ ടോൾ പിരിവിനുള്ള നിരോധനം തുടരും. ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചു. പാലിയേക്കരയിലെ പ്രശ്നം പൂർണമായി പരിഹരിക്കുകയും ഹരജികളിൽ തീരുമാനമാകുന്നത് വരെയും ടോൾ പിരിവ് വേണ്ടെന്നാണ് ഹൈകോടതി പറഞ്ഞിരിക്കുന്നത്.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ റോഡിന്റെ മോശം അവസ്ഥയും ഗതാഗതക്കുരുക്കും സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈകോടതി. ഇതിനിടെ പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തിവെച്ചതിനെക്കുറിച്ച് ദേശീയപാത അതോറിറ്റി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ടോൾ നിരോധനം തുടരുമെന്ന് കാര്യം വ്യക്തമാക്കിയത്.
ജില്ല കലക്ടർ നാളെ ഓൺലൈനായി ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. നിർമാണ പുരോഗതി, ഗതാഗത തടസ്സം പരിഹരിച്ചോ തുടങ്ങിയ കാര്യങ്ങളിൽ ജില്ല കലക്ടർ നാളെ മറുപടി നൽകണം.
ആഗസ്റ്റ് ആറിന് പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച് വിധി പുറപ്പെടുവിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെക്കുകയും ഹൈകോടതി ഡിവിഷൻ ബെഞ്ചിനോട് മേൽനോട്ട ചുമതല നിർവഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച സമിതി ജില്ല കലക്ടറുടെ നേതൃത്വത്തിൽ ദേശീയപാത പരിശോധിച്ചിരുന്നു. പരിശോധന നടന്നപ്പോൾ കലക്ടറും എസ്.പിയും അടങ്ങുന്ന സംഘം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയും ചെയ്തിരുന്നു. സർവിസ് റോഡ് ഗതാഗതയോഗ്യമാക്കൽ, സൂചന ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.