ചിക്കൻ വില പറന്നുയരുന്നു; കൈപൊള്ളി അടുക്കള

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക്. കോഴിത്തീറ്റയുടെ വില വർധിച്ചതോടെയാണ് കോഴിയിറച്ചി വിലയും കുത്തനെ കൂടിയത്. കോഴിക്കോട് മാർക്കറ്റിൽ 290 മുതൽ 300 രൂപ വരെയാണ് ഒരു കിലോ ചിക്കന് വില. കോഴിമുട്ടയുടെ വിലയും ഉയർന്നു. 8.50 രൂപ മുതൽ 9 രൂപ വരെയാണ് നിലവിലെ വില.

കോഴിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 3000 രൂപയ്ക്ക് മുകളിലായി ഉയർന്നു. തീറ്റവില കൂടിയതോടെ ഉൽപ്പാദനച്ചെലവും ഗണ്യമായി വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. കേരളത്തിലെ ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. മലയാളി കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പ്രധാന ഇനമായ ചിക്കന്റെ വില വർധിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.

ബീഫിന്റെ വിലയും വർധിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പോത്തിറച്ചി വില കിലോയ്ക്ക് 450 മുതൽ 500 രൂപ വരെയായി. ചിലയിടങ്ങളിൽ 510 രൂപ വരെയാണ് ഈടാക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർധിച്ചു. ട്രോളിങ് നിരോധനവും മത്സ്യലഭ്യതയിലെ കുറവുമാണ് ഇതിന് കാരണമായത്.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ കന്നുകാലികൾ എത്തുന്നത്. എന്നാൽ സമീപകാലത്തായി ഈ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. കന്നുകാലിക്കടത്തെന്നാരോപിച്ച് കർശനമായ നിയന്ത്രണങ്ങളും പരിശോധനകളും വ്യാപകമാക്കിയതും, ചില സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമങ്ങളും കേരളത്തിലേക്കുള്ള കന്നുകാലികളുടെ വരവിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കന്നുകാലികൾ എത്തുന്നത്. എന്നാൽ, കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുമ്പോൾ വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് പുതിയ ചട്ടം. ഈ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ആന്ധ്രാ സർക്കാർ ഉത്തരവിറക്കിയത് കന്നുകാലി കച്ചവടത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.