പാലക്കാട്: ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രി തിങ്കളാഴ്ച കരൾ പിളരുന്ന കാഴ്ചയിൽ നീറി. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഊരും പേരുമില്ലാത്ത രണ്ട് വയോധികരുടെ എല്ലുന്തിയ അവശ ശരീരം ഉടുതുണിയില്ലാതെ മലത്തിലും മൂത്രത്തിലും അമർന്ന് വാർഡിലെ ആളൊഴിഞ്ഞ മൂലയിൽ കിടന്നത് മണിക്കൂറുകൾ.
ഇരുവർക്കും അറുപതിനോടടുത്ത് പ്രായം തോന്നിക്കും. ഒരാൾ ഷൺമുഖനെന്ന് പേര് മാത്രം പറയുന്നുണ്ട്. മറ്റൊരാൾ തലശ്ശേരി സ്വദേശിയാണെന്നും പേര് അമീറാണെന്നും പറയുന്നു. ആശുപത്രി രേഖകൾ പ്രകാരം ഈ മാസം ഏഴിനാണ് അമീർ എന്നയാളെ ചില പരിസരവാസികൾ ആശുപത്രിയിലാക്കിയത്. ഷൺമുഖനെ സൗത്ത് പൊലീസ് രണ്ടാഴ്ച മുമ്പ് കൊണ്ടുവന്നതാണെന്നും പറയുന്നു. അമീറിനെ ആശുപത്രി കാൻറീനിന് മുന്നിൽനിന്ന് അവശനിലയിൽ എത്തിച്ചതാണ്.
ആശുപത്രി രേഖയിൽ ഇയാളുടെ പേര് അമീർ എന്നാണെങ്കിൽ ഇയാൾ ഹമീദ് എന്നും പറയുന്നുണ്ട്. ഇരുവരും അവ്യക്തമായി മാത്രമേ സംസാരിക്കുന്നുള്ളൂ. നേരത്തേ ഇത്തരം രോഗികളെ ഐസൊലേഷൻ വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വാർഡ് അടച്ചുപൂട്ടി കാൻസർ വാർഡാക്കി മാറ്റിയതോടെയാണ് ആരോരുമില്ലാത്ത രോഗികളെ ആളൊഴിഞ്ഞ മൂലയിൽ തള്ളിയത്.
കിടക്കക്ക് താഴെ മലത്തിലും മൂത്രത്തിലും നഗ്നരായിട്ടാണ് ഇരുവരും തിങ്കളാഴ്ച ഉച്ചവരെ കിടന്നത്. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ആശുപത്രി അധികൃതർ മുറി വൃത്തിയാക്കാനും മരുന്നും ഭക്ഷണവും നൽകാനും എത്തിയത്. സന്നദ്ധ പ്രവർത്തകരാണ് ഇവർക്ക് വസ്ത്രം നൽകിയത്. സംഭവമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, ഡി.എം.ഒ കെ.പി. റീത്ത എന്നിവർ സ്ഥലത്തെത്തി. ഇവർക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കി.
ഹർത്താലായതിനാൽ ജീവനക്കാർ കുറവായതിനാലാണ് തിങ്കളാഴ്ച ഇവരെ കൃത്യമായി പരിചരിക്കാൻ സാധിക്കാതിരുന്നതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി വിശദീകരിച്ചു. സാധാരണ ദിവസങ്ങളിൽ ആശുപത്രി ജീവനക്കാർ തന്നെയാണ് ഇവരെ പരിചരിക്കുന്നതും മുറി വൃത്തിയാക്കുന്നതും. കൃത്യസമയത്ത് ചികിത്സയും ഭക്ഷണവും വെള്ളവും നൽകാറുണ്ട്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.