പാലക്കാട് മുൻ കലക്ടറുടെ കസേര ഇളക്കിയ മണ്ണുമാന്തി യന്ത്രം: അന്വേഷണ സംഘം റിപ്പോർട്ട് നൽകി

കോഴിക്കോട് : പാലക്കാട് മുൻ കലക്ടർ ഡോ. എസ്.ചിത്രയുടെ കസേര ഇളക്കിയ അട്ടപ്പാടിയിലെ മണ്ണുമാന്തി യന്ത്രം വ്യാപക കുന്നിടിക്കൽ നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. പരിശോധന സഘംത്തിന്റെ തലവൻ സീനിയർ സൂപ്രണ്ട് എം.പി. ആനന്ദകുമാറാണ് ഒറ്റപ്പാലം സബ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കുന്നിടിക്കൽ സംബന്ധിച്ച് പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

അഗളിയിൽ നിന്നും നരസിമുക്ക് റോഡിൽ വടക്കോട്ട് ഏകദേശം മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ഭവാനി പുഴയോട് ചേർന്ന് ഗ്രീൻ നെറ്റ് കൊണ്ട് മറച്ച് കമ്പിവേലി കെട്ടിയ സ്ഥലം കാണാം. അവിടം വടക്കോട്ട് ചെരിവായിട്ടുള്ള ഭൂമിയിൽ കുന്നിടിച്ച് റോഡ് വെട്ടിയെന്ന് പരിശോധനയിൽ കണ്ടെത്തി. പരിശോധനക്ക് എത്തിയപ്പോൾ ഇവിടെ ഉണ്ടായിരുന്നത് നാല് മണ്ണുമാന്തി യന്ത്രങ്ങൾ. ഇതിൽ രണ്ട് ജെ.സി.ബി പ്രവർത്തിക്കുന്നതായും ഏകദേശം 30 തൊഴിലാളികൾ കോൺക്രീറ്റ് റോഡ് പണി ചെയ്യുന്നതായും കണ്ടുവെന്നാണ് റിപ്പോർട്ട്.

2013 കേരള നദീ തീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ഭേദഗതി നിയമവും 1957 കേരള ഭൂ സംരക്ഷണ നിയമവും ലംഘിച്ചുള്ള പ്രവർത്തനമാണ് ഇവിടെ കണ്ടത്. അതിനാൽ നാല് മണ്ണ് മാന്തി യന്ത്രങ്ങളും കസ്ഖ്ഖഡിയിലെടുത്തു. അത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുന്നതിനും മഹസർ തയാറാക്കുന്നതിനും വില്ലേജ് ഓഫീസറുടെ ചുമതലയുള്ള സ്പെഷ്യൽ വില്ലേജ് ഓഫീസറെ നിയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ വില്ലേജ് ഓഫീസർ മഹസർ തയാറാക്കാത്തതിനെ തുടർന്ന് പ്രത്യേക പരിശോധന സംഘത്തിന്റെ പരിശോധന ദിവസമായ 21.01.2025 ജനുവരി 21ന് സർവെയറുമൊത്ത് സ്ഥലം പരിശോധിച്ച് മഹസർ തയാറാക്കി സമർപ്പിച്ചുവെന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തി.

കണ്ടാമത് അന്വേഷിച്ചത് കോട്ടത്തറ വില്ലേജിലെ ശിരുവാണി പുഴ പുറമ്പോക്ക് കൈയേറ്റമാണ്. കോട്ടത്തറ വില്ലേജിലെ ശിരുവാണി പുഴ പുറമ്പോക്ക് കൈയേറി അനധികൃതമായി കെട്ടിടം നിർമിച്ചിട്ടുള്ളത് പരിശോധിച്ചു. സർവെയറുടെ പരിശോധന റിപ്പോർട്ടും ഗ്രാമ പഞ്ചായത്തിന്റെ രേഖകളും പരിശോധിക്കേണ്ടതിനാൽ ആയതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയം ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

മൂന്നാമത്തേത് കോട്ടത്തറ വില്ലേജിൽ നീർച്ചാൽ നികത്തി റോഡ് നിർമാണമാണ്. കോട്ടത്തറ വില്ലേജിൽ നീർച്ചാൽ നികത്തി റോഡ് നിർമിച്ചതായി പരിശോധനയിൽ കണ്ടെത്തി. അത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വില്ലേജ് രേഖകൾ പരിശോധിക്കണം. സർവേയറുടെ സഹായം ആവശ്യമായതിനാൽ കൂടുതൽ സമയം ആവശ്യമാണ്.

നാലമാത് പരിശോധിത്തത് കാവുണ്ടിക്കൽ നീർച്ചാൽ കോൺക്രീറ്റ് മൂടി നിർമാണ പ്രവർത്തനം നടത്തിയതാണ്. കാവുണ്ടിക്കൽ എസ് വളവിന് സമീപം നീർച്ചാൽ കോൺക്രീറ്റ് ഇട്ട് മൂടി നിർമാണ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ വില്ലേജ് റിക്കാർഡുകൾ പരിശോധിക്കണം. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയം ആവശ്യമാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

പരിശോധനയിൽ പട്ടാമ്പി താലൂക്കിലെ തഹസിൽദാർമാരായ പി.ആർ. മോഹനനൻ, കെ.സി. കൃഷ്ണകുമാർ, ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ എം. ഗിരീഷ്കുമാർ, മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ തഹസിൽദാർ അബ്ദുൽ സലിം എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Palakkad Ex-Collector's Chair Shaken by Earth-moving Machine: Investigation Team Submits Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.