‘പാകിസ്താന്‍ കള്ളം പ്രചരിപ്പിക്കുന്നു’ -ഐക്യരാഷ്ട്രസഭയിൽ എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: ഐക്യരാഷ്ട്രസഭയുടെ 80 ാമത് പൊതുസഭയുടെ ഭാഗമായ ചര്‍ച്ചയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമെന്ന നിലയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക് ഭീകരതക്കെതിരായ പ്രതിഷേധം അറിയിച്ചത്.

ജമ്മുവിനെയും കശ്മീരിനെയും കുറിച്ച് കള്ളവും വ്യാജവും പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ പോലുള്ള വേദിയെ ദുരുപയോഗം ചെയ്യുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ പാകിസ്ഥാന്‍ പരിശീലനം നല്‍കി സ്പോണ്‍സര്‍ ചെയ്ത ഭീകരവാദികള്‍ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊലപ്പെടുത്തി. പാകിസ്താൻ നിയമവിരുദ്ധമായി കൈയേറിയ പ്രദേശങ്ങളില്‍ നടന്നുവരുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദം രാജ്യനീതിയുടെ ഉപാധിയായി ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഒരു രാജ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വൈരുധ്യമാണ്. ഭീകരത, ആക്രമണം, സങ്കുചിതത്വം, അസഹിഷ്ണുത, തീവ്രവാദം എന്നിവയുടെ മൂലസ്ഥാനമാണ് പാകിസ്താൻ.

"പാകിസ്താൻ പരിശീലനം നൽകി സ്പോൺസർ ചെയ്ത ഭീകരവാദികളാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയത്. പാകിസ്താൻ നിയമവിരുദ്ധമായി കൈയേറിയ പ്രദേശങ്ങളിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം. അടിസ്ഥാന സൗകര്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ അനവധി പൗരന്മാരെയാണ് പാകിസ്താൻ സേനയും അവരുടെ പ്രതിനിധികളും ചേർന്ന് കൊലപ്പെടുത്തിയത്. സൈനിക ആധിപത്യം, വ്യാജ തെരഞ്ഞെടുപ്പുകൾ, ജനകീയ നേതാക്കളെ തടവിലാക്കൽ, മത തീവ്രവാദം, രാജ്യം സ്പോൺസർ ചെയ്യുന്ന ഭീകരത എന്നിവക്ക് റെക്കോഡ് സ്ഥാപിച്ചിട്ടുള്ള പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ധർമോപദേശപ്രഭാഷണം നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം"- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

കോളനിവത്‌കരണം ഉന്മൂലനംചെയ്യാനുള്ള നാലാം അന്താരാഷ്ട്ര ദശകം ആഘോഷിക്കുമ്പോഴും ഈ പ്രദേശങ്ങൾ കോളനിവിമുക്ത പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ പ്രക്രിയ പൂർത്തിയാക്കാൻ സുചിന്തിതമായ നടപടികൾ ആവശ്യമാണ്. ‌അന്താരാഷ്ട്ര ഏജൻസികളുമായും പങ്കാളികളുമായുമുള്ള സഹകരണം വർധിപ്പിച്ച് 17 സ്വയംഭരണമില്ലാത്ത പ്രദേശങ്ങളിലേക്ക് വിഭവങ്ങൾ തിരിച്ചുവിടുന്നതിന്‌ കമ്മിറ്റി പരിശ്രമിക്കേണ്ടതുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Tags:    
News Summary - ‘Pakistan is spreading lies’ - N.K. Premachandran at the United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.