മാനന്തവാടി: കശ്മീരിൽ പരസ്യമായി ആളുകളെ മതം ചോദിച്ച് വെടിവെച്ചുകൊന്നിട്ട് കൊലപാതകികളെ ഇതുവരെയും പിടികൂടാൻ കഴിയാത്തതിൽ മോദി ഉത്തരം പറയണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി.
കിലോമീറ്ററുകളിൽ രണ്ടു ബാരിക്കേട് വീതമുള്ള കശ്മീരിൽ ഇന്റലിജൻസിന്റെ കണ്ണിൽപെടാതെ കടന്നുകയറി മനുഷ്യരെ കൊലപ്പെടുത്തി രക്ഷപ്പെടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ സംഭവിച്ചത് വലിയ സുരക്ഷ വീഴ്ചയാണ് തന്നെയാണെന്ന് കെ.എം.ഷാജി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ തൊണ്ടർനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
'ഇത്രയും മനുഷ്യരെ കൊന്നിട്ട് അവർ എങ്ങനെയാണ് ഇത്രയും ബാരിക്കേഡുകൾ കടന്നത് എന്നതാണ് ചോദ്യം. ഹെലികോപ്റ്ററിലല്ലോ, വിമാനത്തിലല്ലലോ, കപ്പലിൽ അല്ലല്ലോ, പിന്നെ എങ്ങനെ പോയി. എവിടേക്കാണ് പോയത്, പിന്നെന്തിനാണ് നിങ്ങൾ രാജ്യം ഭരിച്ചോണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ വീഴ്ചയാണ്, ഇത് പറഞ്ഞാൽ നിങ്ങൾ എന്നെ മൂക്കിൽ വലിച്ചുകളയോ..?, അതുകൊണ്ട് പറയാതിരിക്കണം എന്നാണോ..?, അതിന് ഞങ്ങളാരും മകളുടെ പേരിൽ പേടിച്ച് ഉറങ്ങാതിരിക്കുന്ന പിണറായി വിജയനല്ലല്ലോ.. ഞങ്ങൾക്ക് പറഞ്ഞേ പറ്റൂ, '- കെ.എം.ഷാജി പറഞ്ഞു.
വെറുപ്പിനെ കൈമുതലാക്കിയ നിങ്ങൾക്ക് രാജ്യം ഭരിക്കാനറിയില്ലെന്നും അതുകൊണ്ടാണ് ഈ രാജ്യത്തിന്റെ യുദ്ധം അവസാനിച്ചുവെന്ന് യു.എസ് പ്രസിഡന്റിന് ട്വീറ്റ് ചെയ്യേണ്ടിവന്നതെന്നും ഷാജി വിമർശിച്ചു.
1971 ൽ യു.എസ് പ്രസിഡന്റ് നിക്സനോട് 'നാലായിരം കിലോമീറ്റർ അപ്പുറത്ത് നിന്ന് ആജ്ഞാപിക്കുമ്പേഴേക്കും ഇവിടെ വെടിയുതിർക്കുന്ന കാലം കഴിഞ്ഞു, എങ്ങനെ രാജ്യത്തെ നയിക്കണമെന്ന് ഞങ്ങൾക്കറിയാം' എന്ന് പറഞ്ഞ ഇന്ദിരാഗാന്ധിയാണ് നമുക്കുണ്ടായിരുന്നതെന്നും ഷാജി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.