പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശം: ഹരജി ഡിവിഷന്‍ ബെഞ്ചിന്

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന എക്സിക്യൂട്ടിവ് ഓഫിസറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. തിരുവനന്തപുരം സ്വദേശികളായ വെങ്കിട്ടരാമയ്യ, റാണി വി. നായര്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിഷയം ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബെഞ്ചിന് വിടാന്‍ ഉത്തരവിട്ടു. ഇതിന് ഹരജികള്‍ ചീഫ് ജസ്റ്റിസിന്‍െറ പരിഗണനക്ക് വിട്ടു.

എക്സിക്യൂട്ടിവ് ഓഫിസറുടെ ഉത്തരവ് മരവിപ്പിച്ച് ക്ഷേത്രം ഭരണസമിതി തീരുമാനമെടുത്തെങ്കിലും സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറുന്നുണ്ടെന്നും ഇത് തടയണമെന്നുമാണ് ഹരജികളിലെ ആവശ്യം. വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് അധികാരമില്ല. ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ തന്ത്രിമാരാണ് അഭിപ്രായം പറയേണ്ടതെന്ന് ഹരജിയില്‍ പറയുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്ന നിബന്ധന ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയായ റിയ രാജി നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച കോടതി തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തി. എക്സിക്യൂട്ടിവ് ഓഫിസര്‍ ഹരജിക്കാരിയില്‍നിന്നുള്‍പ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് ചുരിദാര്‍ മാത്രം ധരിച്ച് പ്രവേശനം അനുവദിക്കാമെന്ന തീരുമാനമെടുത്തത്. ഇക്കാര്യം ഭരണസമിതി ഹൈകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - padmanabhaswamy temple churidar issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.