എം.വി. ഗോവിന്ദൻ

‘പത്മകുമാർ കുറ്റാരോപിതൻ മാത്രം, പാർട്ടി ആരെയും സംരക്ഷിക്കില്ല’; എന്തിനാ വെപ്രാളപ്പെടുന്നതെന്നും എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ദേവസം ബോർഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിന്റെ അറസ്റ്റിൽ സി.പി.എം പ്രതിരോധത്തിൽ അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും സ്വർണക്കൊള്ളയിൽ സി.പി.എമ്മിന് പങ്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

‘പത്മകുമാർ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. കേസ് കോടതിയുടെ മുന്നിൽ വരട്ടെ. ഒരാളേയും പാർട്ടി സംരക്ഷിക്കുകയില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. ഒരാൾ അറസ്റ്റ് ചെയ്തു എന്ന് വെച്ച് ഉടനെ കുറ്റവാളിയാണെന്ന് തീരുമാനിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ അതിന്റെ അർഥം അയാൾ കുറ്റാരോപിതനാണ് എന്ന് മാത്രമാണ്. കുറ്റം തെളിയിക്കണം. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള എല്ലാ പരിതസ്ഥിതിയും കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും അവർക്ക് അറസ്റ്റ് ചെയ്യാം, ചോദ്യം ചെയ്യാം, നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാം’ -ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരാളെയും സംരക്ഷിക്കില്ല എന്നത് സർക്കാറിന്റെയും പാർട്ടിയുടെയും നയമാണ്. പാർട്ടിയുടെ കൈ ശുദ്ധമാണെന്ന് ജനങ്ങൾക്കെല്ലാം അറിയാം. എന്തിനാ വെപ്രാളപ്പെടുന്നത്. ഒരു തിരിച്ചടിയും പാർട്ടിക്കുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) മണിക്കൂറുകൾ ചോദ്യം ചെയ്തശേഷമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.

വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് എസ്‌.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെയാണ് മൊഴി നല്‍കിയത്. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടി ചോദിക്കുകയായിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.

Tags:    
News Summary - ‘Padmakumar is only an accused, the party will not protect anyone’ -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.