പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വൻവിജയമെന്ന് പി.എ മുഹമ്മദ് റിയാസ്

കൊച്ചി: പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വൻവിജയമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫോർട്ട്കൊച്ചി റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ നവീകരണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ 1.45 കോടി രൂപ ചെലവിലാണ് ബീച്ചിന് സമീപത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടു നവീകരണം നടപ്പാക്കുന്നത്. 1962ൽ നിർമ്മിച്ച പഴയ കെട്ടിടം പുതുക്കി ഫുഡ് സെന്ററാക്കുന്നതും 2006ൽ പണിത കെട്ടിടത്തിലെ മുറികളുടെ പുനരുദ്ധാരണവും നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു.

കേരളപ്പിറവിദിന സമ്മാനമാണ് റസ്റ്റ് ഹൗസ് നവീകരണ പദ്ധതി. കേരളപ്പിറവി ദിനം പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടുവർഷം മുമ്പ് ഈ ദിനത്തിലാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറ്റുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ റസ്റ്റ്‌ ഹൗസ് മുറികൾ ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമായി.

റെസ്റ്റ് ഹൗസുകൾ വികസിപ്പിക്കുന്ന പദ്ധതി രണ്ടുവർഷമാകുമ്പോൾ വകുപ്പിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ വൻ വിജയമായി. രണ്ടു വർഷത്തിനിടെ 10 കോടിയിലധികം രൂപയാണ് റസ്റ്റ് ഹൗസുകളിൽ നിന്നുണ്ടായ വരുമാനം. സംസ്ഥാന ടൂറിസം മേഖലക്ക് ഉൾപ്പെടെ ഇത് വലിയ ഊർജ്ജം പകരുന്നുണ്ട്.

എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കാൻ 20 കോടി രൂപ ഇതിനകം അനുവദിച്ചു. ഫോർട്ട്കൊച്ചിയിലെ കൂടാതെ തിരുവനന്തപുരം പൊൻമുടി, പാലക്കാട് തൃത്താല, വയനാട് മേപ്പാടി, കണ്ണൂർ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് പരസ്‌പര പൂരകമാകും വിധമാണ് റസ്റ്റ് ഹൗസ് നവീകരണം. ദേശീയ പാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്‌ബി പദ്ധതികൾ എന്നിങ്ങനെ പശ്ചാത്തല വികസന മേഖലയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ജന പിന്തുണയോടെ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫോർട്ട്കൊച്ചി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബാ ലാൽ, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ ആന്റണി കുരിത്തറ തുടങ്ങിയവർ  പങ്കെടുത്തു.

Tags:    
News Summary - PA Mohammad Riaz said that the People's Rest House project is a huge success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.