കോഴിക്കോട്: ഭരണഘടന സംരക്ഷിക്കേണ്ട ജുഡീഷ്യറി ഏത് രീതിയിലാണ് ജനാധിപത്യത്തെ പരിപാലിക്കുന്നതെന്നത് പഠനവിഷയമാക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോടതികൾ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്ത്തുേമ്പാൾ നിയമസഭക്ക് ഗൗരവമായ ഇടപെടൽ നടത്താനാകുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫെഡറലിസത്തിെൻറ ചിറകരിയുകയാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ സവിശേഷത. എന്നാൽ, ഇതിെൻറ അടിസ്ഥാന ഘടകമായ ഫെഡറലിസം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. നികുതി ഏകീകരണം, വിദ്യാഭ്യാസം, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഏകപക്ഷീയ നിയമങ്ങളാണ് നടപ്പാകുന്നത്.
പല നിയമങ്ങളും കടലിലേക്ക് വലിച്ചെറിയപ്പെടുന്നു. ദലിത് പീഡനത്തിനെതിരായ നിയമം ദുർബലമാക്കുന്ന നീക്കങ്ങൾ നടക്കുന്നു. ജഡ്ജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതില്ല എന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു. മക്ക മസ്ജിദ് സ്ഫോടന കേസിലും ഏകപക്ഷീയ നടപടിയാണുണ്ടായത്.
രാജ്യത്തെ വിസ്മയിപ്പിച്ച സഭയാണ് കേരള നിയമസഭ. സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്താനും മതേതരത്വത്തിെൻറ കാവലാളായി നിലയുറപ്പിക്കാനും സഭക്ക് സാധിച്ചു. നിയമനിർമാണത്തിൽ ഏത് പൗരനും ഭേദഗതി നിർദേശിക്കാൻ പദ്ധതി ആവിഷ്കരിച്ചതും സ്പീക്കർ അനുസ്മരിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുൻ സാമാജികരായ സിറിയക് ജോൺ, പി. ശങ്കരൻ, ഇ. നാരായണൻ നായർ, എ.കെ. പത്മനാഭൻ, എൻ.കെ. രാധ, വി.എം. ഉമ്മർ മാസ്റ്റർ, സി. മോയിൻകുട്ടി, എം.കെ. പ്രേംനാഥ്, പി.എം.എ. സലാം, യു.സി. രാമൻ, ടി.പി.എം. സാഹിർ എന്നിവരെയും സ്വാതന്ത്ര്യ സമര സേനാനികളെയും സ്പീക്കർ ആദരിച്ചു. മൺമറഞ്ഞ നിയമസഭ സാമാജികർക്ക് എ. പ്രദീപ്കുമാർ എം.എൽ.എ ശ്രദ്ധാഞ്ജലിയർപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, വി.കെ.സി. മമ്മദ് കോയ, കാരാട്ട് റസാഖ്, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ സംസാരിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ സ്വാഗതവും നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു. പിന്നണി ഗായകരായ ബി. വസന്ത, സുനിൽകുമാർ എന്നിവർ നയിച്ച ഗാനവിരുന്നുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.