കണ്ണൂർ: അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നാണ് സി.പി.എമ്മിൽ പി. ശശിയുടെ തിരിച്ചുവരവ്. കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ 2011ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പെരുമാറ്റദൂഷ്യ കുറ്റം ചുമത്തപ്പെട്ട് പുറത്താക്കപ്പെട്ടയാളാണ് പി. ശശി. ശേഷം ഏഴുവർഷം രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. പ്രാഥമികാംഗത്വത്തിൽ തിരിച്ചെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ പാർട്ടിയിൽ മുമ്പത്തേക്കാൾ ശക്തനാവുകയാണ് പിണറായി വിജയന്‍റെ വിശ്വസ്തനായ പി. ശശി. 1996ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു . കാൽനൂറ്റാണ്ടിന് ശേഷം അതേ പദവിയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എത്തുന്നത്.

നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് പൊലീസ് വകുപ്പിന്‍റെ നിയന്ത്രണത്തിൽ നിർണായക പങ്ക് പി. ശശിക്കായിരുന്നു. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍റെ പൊലീസ് ഭരണം വലിയ വിമർശനം നേരിടുന്ന ഘട്ടത്തിലാണ് പി. ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി വരുന്നത്. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിപോലുമല്ലാതിരുന്ന പി. ശശി എല്ലാവരെയും അമ്പരപ്പിച്ച് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു.

ഗുരുതര ആരോപണത്തിൽ പുറത്തായ നേതാവിനെ വീണ്ടും വാഴിക്കുന്നതിൽ അതൃപ്തരായവർ നേതൃത്വത്തിലും അണികളിലുമുണ്ട്. എന്നാൽ, തീരുമാനം പിണറായി വിജയന്‍റേതാണ് എന്നതുകൊണ്ടുമാത്രം എതിർ ശബ്ദങ്ങൾ ഉയരുന്നില്ല. അന്നുയർന്ന മുറുമുറുപ്പുകളെല്ലാം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സുപ്രധാന ചുമതലയിൽ പി. ശശി നിയോഗിക്കപ്പെടുമ്പോൾ നേതൃത്വത്തിന് പി. ശശിയിലുള്ള അടുപ്പമാണ് വ്യക്തമാകുന്നത്. പാർട്ടിക്ക് പി. ശശിയിൽ പൂർണ വിശ്വാസമാണ് എന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞത്.

Tags:    
News Summary - P Sasi second coming as a political secretary of chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.