‘അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല, പരമദയനീയ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത്’ -കോഴ ആരോപണത്തെ കുറിച്ച് പി. ശശി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താൻ ആവശ്യപ്പെട്ടുവെന്ന പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത് -ശശി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്നായിരുന്നു അൻവറിന്റെ ആരോപണം.

‘പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്‍റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്. നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. ‌വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയാത്തതിന്‍റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അന്‍വറിന്‍റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’ -പി. ശശി പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ ആരോപണം അറിയിച്ചതെന്ന് അൻവർ പറഞ്ഞു. ‘അക്കാര്യം എനിക്ക് ​ടൈപ്പ് ചെയ്തു നൽകുകയായിരുന്നു. പാർട്ടിയ​ുടെ ഉത്തരവാദപ്പെട്ട എം.എൽ.എമാർ ഉന്നയിച്ചാൽ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോൾ പോര എം.എൽ.എ തന്നെ ഉന്നയിക്കണമെന്ന് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതിൽ വലിയ അമർഷമുണ്ടായിരു​ന്നു. അതുകൊണ്ടാണ് എന്നെ പാർട്ടി ഏൽപിച്ച കാര്യം ഞാൻ ഏറ്റെടുത്തത്. ശശിയേട്ടാ ഇത്, ശരിയല്ലെയെന്ന് ഞാൻ ചോദിച്ചിരുന്നു. പൂർണമായും ശരിയാണെന്നാണ് ശശി പറഞ്ഞത്’ -അൻവർ പറഞ്ഞു. 

Tags:    
News Summary - p sasi against pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.