വനിത സംരംഭകർക്കുള്ള 'വി മിഷന്‍ കേരള' വായ്പ അരക്കോടിയാക്കുമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വനിത സംരംഭകര്‍ക്കായി കെ.എസ്.ഐ.ഡി.സി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ അരക്കോടിയാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെ വനിത സംരംഭക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കും.

നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിത സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം നല്‍കും. ഇത് തിരിച്ചടക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവക്കും ഈ ഗ്രാന്റ് ലഭിക്കും.

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 50 ശതമാനം വാടകയിളവും മന്ത്രി പ്രഖ്യാപിച്ചു.

സ്ത്രീകള്‍ തൊഴില്‍ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിത വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പരിശീലനം നല്‍കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ഡെയറി ഫാമുകള്‍ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പി.എം.എഫ്.എം.ഇ പ്രൊമോഷനല്‍ ഫിലിമിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - P. Rajeev said that 'V Mission Kerala' loan for women entrepreneurs will be increased to half a crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.