പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണം: 10,000 കോടിയുടെ മാസ്റ്റര്‍ പ്ലാൻ

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വിദഗ്ധര്‍, ട്രേഡ് യൂനിയനുകള്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. റിയാബിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖല സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിച്ച് നിക്ഷേപകരെ ആകര്‍ഷിക്കുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി വീതം വിറ്റുവരവുള്ള 1000 എം.എസ്.ഇകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍വരെയുള്ള കണക്കുപ്രകാരം 1,11,091 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 6821.31 കോടിയുടെ നിക്ഷേപവും 2,40,708 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷം ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാമത്തെ റാങ്കായിരുന്നു കേരളം. ഈ വര്‍ഷം റാങ്ക് മെച്ചപ്പെടുത്തി 15ാമത് എത്തിയതായും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ കീഴില്‍ എന്‍ജിനീയറിങ് / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് സെക്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, കാസ്റ്റിങ്ങുകള്‍, ഫോര്‍ജിങ്ങുകള്‍ എന്നിവയുടെ വിപണി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്. ഇരുപതോളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റിയാബ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, മെംബര്‍ സെക്രട്ടറി കെ. പത്മകുമാര്‍, മാസ്റ്റര്‍ പ്ലാന്‍ അഡ്വൈസര്‍ റോയ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന്‍ ഷിപ്യാര്‍ഡ്, സെന്‍ട്രല്‍ വർക്ക്ഷോപ്, ദക്ഷിണ റെയില്‍വേ, ഗാര്‍ഡന്‍ റീച്ച്ഷിപ് ബില്‍ഡേഴ്‌സ്, വി.എസ്.സി, ഹെവി-വെഹിക്കിള്‍സ് ബ്രഹ്‌മോസ് എയ്റോസ്പേസ്, ബി.എച്ച്.ഇ.എല്‍, ബി.ഇ.എം.എല്‍, മെഷീന്‍ ടൂള്‍ പ്രോട്ടോടൈപ് ഫാക്ടറി, മിശ്ര നിഗം ലിമിറ്റഡ്, മസാഗന്‍ ഡോക്, ബാര്‍ക്ക്, ബി.പി.സി.എല്‍, ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ കമ്പനികൾ സംഗമത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - P Rajeev on industry planing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.