പ്രധാനമന്ത്രിക്ക് കത്തയച്ച് പി. ജയരാജൻ: 'ഖാദിക്ക് കേന്ദ്രത്തിന്റെ പ്രത്യേക സംരക്ഷണം വേണം, ഹർ ഘർ തിരംഗക്ക് ആവശ്യമായ പതാക ഖാദിയിൽ ഉൽപാദിപ്പിക്കണം'

കണ്ണൂർ: ഖാദി മേഖലക്ക് കേന്ദ്ര ഗവൺമെൻറിന്റെ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഖാദിയിൽ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉൽപന്നങ്ങൾക്ക് ജി.എസ്.ടി. ഒഴിവാക്കുക, ഖാദി കമ്മീഷൻ സബ്സിഡി നിരക്കിൽ പരുത്തി അനുവദിക്കുക, അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച എല്ലാ വീട്ടിലും ദേശീയ പതാക (ഹർ ഘർ തിരംഗ) ഉയർത്തുന്ന പരിപാടിക്ക് ആവശ്യമായ പതാക ഉൽപാദിപ്പിക്കാൻ ഖാദി മേഖലക്ക് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയത്.

കേന്ദ്ര സർക്കാരിനു കീഴിലെ സർക്കാർ /പൊതുമേഖലാ ജീവനക്കാർ ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശം നൽകണമെന്നും പ്രധാനമന്ത്രിയോട് പി. ജയരാജൻ അഭ്യർഥിച്ചു. ആഗസ്ത് 4നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കേരളത്തിലൊട്ടാകെ ഓണക്കാലത്തെ ഖാദി വസ്ത്ര പ്രചരണത്തിന് തുടക്കം കുറിച്ചതായും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നൽകിയ കരുതലാണ് ഇത്തരമൊരു മാറ്റം സൃഷ്ടിക്കുന്നതിന് പ്രയോജനമായതെന്നും ജയരാജൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 'ജില്ലാതല ഖാദി മേളകൾ നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ജീവനക്കാരും അധ്യാപകരും സഹകരണ ജീവനക്കാരും ഏക മനസ്സോടെ വസ്ത്ര പ്രചരണത്തിൽ പങ്കെടുത്തു വരികയാണ്. ഓണക്കാലത്ത് ഖാദി വിപണനം ശക്തിപ്പെടുമ്പോൾ ഈ മേഖല ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവ കൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2022 ആഗസ്ത് 4ന് പ്രധാനമന്ത്രിക്ക് കത്ത് നൽകി. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു വരുന്ന ഈ ഘട്ടത്തിൽ ഖാദി മേഖലക്ക് കേന്ദ്ര ഗവൺമെൻറിന്റെ പ്രത്യേക സംരക്ഷണം കൂടി വേണം.

ഖാദിയിൽ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉൽപന്നങ്ങൾക്ക് ജി.എസ്.ടി. ഒഴിവാക്കണമെന്ന കാര്യമാണ് പ്രധാനമായും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഉന്നയിച്ചത്. നിലവിൽ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനവും അതിനുമുകളിൽ 12 ശതമാനവുമാണ് ജിഎസ്ടി നിരക്ക്. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഖാദി വസ്ത്ര ഉപഭോക്താക്കൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഓണക്കാലത്ത് ഖാദി വസ്ത്രങ്ങൾക്ക് 30% വിലക്കിഴിവാണ് ലഭിക്കുന്നത്. അതാവട്ടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നൽകുന്ന റിബേറ്റാനുകൂല്യമാണ്. ആ 30% വിലക്കിഴിവ് റഡിമെയ്ഡ് വസ്ത്രങ്ങൾക്കും ലഭ്യമാകണമെങ്കിൽ ജി.എസ്.ടി. ഒഴിവാക്കണം.

മാത്രമല്ല പരുത്തിയുടെ വിലവർദ്ധനവും ഖാദി മേഖലക്ക് തിരിച്ചടിയായി. അതിനാൽ ഖാദി കമ്മീഷൻ സബ്സിഡി നിരക്കിൽ പരുത്തി അനുവദിക്കണം. കൂടാതെ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി 'ഹർ ഘർ തിരംഗ' എന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ വീട്ടിലും ദേശീയ പതാക ഉയരും. എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ സ്ഥാന വസ്ത്രമായ ഖാദിയിൽ മാത്രമായി ദേശീയ പതാക ഉൽപാദിപ്പിക്കുന്നതിനാണ് നിർദേശം നൽകേണ്ടത്. എന്നാൽ എത് തരം തുണിയും ഉപയോഗിക്കാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത് രാജ്യത്തെമ്പാടുമുള്ള ഖാദി മേഖലക്കാണ് നൽകേണ്ടത്. കേന്ദ്ര സർക്കാരിനു കീഴിലെ സർക്കാർ /പൊതുമേഖലാ ജീവനക്കാരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശം നൽകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയുണ്ടായി' -ജയരാജൻ വ്യക്തമാക്കി.

എസ്.എൻ.ഡി.പി, എൻ.എസ്.എസ് തുടങ്ങിയ കേരളത്തിലെ സാമൂഹിക സംഘടനകൾ ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ട് വന്നത് വലിയ പ്രചോദനമാണെന്നും ജയരാജൻ പറഞ്ഞു. 'വിവിധ സാമൂഹിക സംഘടനകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലായിടത്തും ഈ സംഘടനാ നേതാക്കൾ മുൻകൈയ്യെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. വൈക്കത്തും, കരുനാഗപ്പള്ളിയിലും, പറവൂരിലും SNDP യോഗം മുൻകൈയ്യെടുത്താണ് പരിപാടികൾ നടത്തിയത്. NSS താലൂക്ക് യൂണിയനുകൾക്ക് ഖാദി വസ്ത്ര പ്രചരണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മറ്റ് സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലും വസ്ത്ര പ്രചരണം നടക്കും. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഖാദി ഉപഭോക്താക്കളുടെ സംഗമങ്ങൾ നടക്കും. ദീർഘകാലം ഖാദി വസ്ത്രം ധരിക്കുന്നവരെ ആദരിക്കും' -കുറിപ്പിൽ പറഞ്ഞു.

മാതൃഭൂമി പത്രത്തെയും ജയരാജൻ തന്റെ പോസ്റ്റിൽ പ്രകീർത്തിച്ചു. ദേശീയ പതാക ഖാദിയിൽ നിർമിക്കണമെന്ന് ആവശ്യ​പ്പെട്ട് പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ പേരിലാണ് അഭിനന്ദനം. ''മാതൃഭൂമി പത്രം 'ത്രി വർണ്ണം ഉയരുമ്പോൾ' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം ശ്ലാഘനീയമാണ്. മാതൃഭൂമി പത്രം 1923ൽ ആരംഭിച്ച കാലത്തു തന്നെ ഖാദി പ്രചരണം പ്രധാന ദൗത്യമായി ഏറ്റെടുക്കുകയുണ്ടായി. ആദ്യ കാലത്തെ ഈ പത്രത്തിൻ്റെ താളുകളിൽ ഖാദി വസ്ത്ര പ്രചരണം മുഖ്യ കടമയായി ഏറ്റെടുത്തതായി കാണാം. ഈ പത്രമടക്കം മുന്നോട്ട് വെച്ച അവശ്യങ്ങൾ കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം' എന്നാണ് ഇതുസംബന്ധിച്ച് കുറിപ്പിൽ പറയുന്നത്.

Tags:    
News Summary - P Jayarajan writes to Prime Minister Narendra Modi on Khadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.