വീട്ടിൽ പൂജാമുറിയോ ആരാധനയോ ഇല്ലെന്ന് പി. ജയരാജൻ; കോടിയേരിയെ ഉ​ദ്ദേശിച്ചാണെന്ന് സന്ദീപ് വാര്യർ

കണ്ണൂർ: വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറി​​ല്ലെന്നും വീട്ടിൽ പൂജാമുറിയോ ആരാധനയോ ഇല്ല എന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ​. കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് സഹായങ്ങൾ ചെയ്യാൻ സന്നദ്ധസേവകർ രംഗത്തിറങ്ങണമെന്ന ഫേസ്ബുക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നൽകിയ വിശദീകരണ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി ലക്ഷ്യമിട്ട് കൊണ്ടാണ് എഴുതിയത് എന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ​വക്താവ് സന്ദീപ് വാര്യർ രംഗത്തുവന്നു.

'വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്' എന്നായിരുന്നു കോടിയേരിയുടെ കുറിപ്പിൽ പറഞ്ഞത്. വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന അഭിപ്രായമാണ് വിവാദമായ ജൂലൈ 27ന്റെ ഫേസ്ബുക് പോസ്റ്റിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്‌ പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക്‌ പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്' -ജയരാജൻ വ്യക്തമാക്കി.

ഈ പ്രസ്താവനയുടെ വാർത്താകട്ടിങ്, കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒരുമിച്ചുള്ള ഫോട്ടോ എന്നിവ സഹിതമാണ് സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിട്ടത്. 'ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്നായിരുന്നു കുറിപ്പ്. കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണം നേരത്തെ മുൻ പ്രതിപക്ഷ നേതാവ് ​രമേശ് ചെന്നിത്തല അടക്കമുള്ളവർ ഉന്നയിച്ചിരുന്നു. എന്നാൽ, തന്‍റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണം കല്ലുവച്ച നുണയാണെന്ന് കോടിയേരി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. 'ചെന്നിത്തലയെ പോലെ പൂജയിലും മന്ത്രത്തിലും വിശ്വസിക്കുന്നയാളല്ല താൻ. കല്ല് വച്ച നുണകൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് ചെന്നിത്തല. ശത്രുക്കളെ നിഗ്രഹിക്കാൻ പൂജ നടത്തിയാൽ മതി എന്ന് കരുതുന്ന ആളല്ല ഞാൻ' -കോടിയേരി പറഞ്ഞു.

പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്‌ പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക്‌ പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.

Tags:    
News Summary - P Jayarajan says there is no pooja room or worship at his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.