വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയാറെന്ന് പി. ജയരാജൻ; വിവേചനങ്ങളുടെ പാരമ്പര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ പ്രസംഗത്തിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാകണം സംവാദം തുടങ്ങേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.


Full View


1935-ൽ നിവർത്തന പ്രക്ഷോഭ കാലത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ഓർമ്മിപ്പിച്ചാണ് ജയരാജന്റെ കുറിപ്പ്. ഈഴവരെ 'ചണ്ഡാലർ' എന്ന് ആക്ഷേപിച്ചതിൽ അമർഷം രേഖപ്പെടുത്തി "ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല" എന്ന് സി. കേശവൻ പ്രഖ്യാപിച്ചിരുന്നു. സർ സി.പി. രാമസ്വാമി അയ്യരെ 'ജന്തു' എന്ന് വിശേഷിപ്പിക്കുകയും, 'ജന്തു എന്നത് ഹിന്ദുവാണ്' എന്ന് തുറന്നടിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചത്. സനാതന ധർമ്മത്തിന്റെ പേരിൽ ഹിന്ദുമതം മുന്നോട്ടുവെച്ച അസമത്വങ്ങളെയും വിവേചനങ്ങളെയും വെല്ലുവിളിച്ച സി. കേശവനിൽ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണഗുരു ഒരിക്കലും സ്വയം 'ഹിന്ദു' എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും എസ്.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ ഈ വാക്ക് കാണാൻ കഴിയില്ലെന്നും ജയരാജൻ കുറിച്ചു. സാഹചര്യങ്ങൾ ഇതായിരിക്കെ, ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടത്. ശ്രീനാരായണീയർ ഉയർത്തിപ്പിടിക്കേണ്ട മാനവിക ദർശനത്തോടൊപ്പമാണോ അതോ സംഘപരിവാറിനൊപ്പമാണോ നിലയുറപ്പിക്കുന്നത് എന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും താനുമായുള്ള തുറന്ന സംവാദത്തിന് തയ്യാറാകണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.

Tags:    
News Summary - P Jayarajan Ready for Open Debate with Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.