നിർമാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉൽപന്ന വിലക്ക് നീട്ടി തമിഴ്നാട്
കൊല്ലം: തമിഴ്നാട്ടിൽനിന്ന് കേരളം ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിന് തമിഴ്നാട് സർക്കാർ ഏർപെടുത്തിയ വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് നിർമാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ആദ്യഘട്ടത്തിൽ 2026 ജൂലൈയിലാണ് തമിഴ്നാട് സർക്കാർ മൂന്ന് മാസത്തെ താൽകാലിക നിരോധനം ഏർപ്പെടുത്തിയത്.
കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിലക്ക് 2027 ജനുവരി 26 വരെ നീട്ടി. തിങ്കളാഴ്ചയാണ് തമിഴ്നാട് ജിയോളജി ആൻഡ് മൈനിങ് വകുപ്പ് ഉത്തരവിറക്കിയത്. കരിങ്കല്ല്, മെറ്റൽ ജല്ലി, എം-സാൻഡ്, പി-സാൻഡ്, ഗ്രാവൽ തുടങ്ങിയ നിർമാണ സാമഗ്രികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് വിലക്ക്.
ഖനന വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിലെ നിർമാണ ആവശ്യങ്ങൾക്ക് ഇവയുടെ ലഭ്യത കുറഞ്ഞതാണ് നിരോധനത്തിനുള്ള പ്രധാന കാരണമായി പറയുന്നത്. അതിർത്തി ജില്ലകളിലെ അനധികൃത ഖനനം തടയുക, പ്രകൃതിസംരക്ഷണം എന്നിവയും തമിഴ്നാട് സർക്കാർ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് നിരോധനം. സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്നാട്ടിലെ ജിയോളജി ആന്‍ഡ് മൈന്‍സ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള കരിങ്കല്ലും എം-സാൻഡും വരുന്നത് മൂന്നു മാസമായി നിലച്ചതോടെ കേരളത്തിലെ പ്രധാന ദേശീയപാത വികസന പദ്ധതികളും സാധാരണ നിർമാണ പ്രവർത്തനങ്ങളും അടക്കം കടുത്ത പ്രതിസന്ധി നേരിടുന്നു.
സംസ്ഥാനത്ത് പാറമടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ക്വാറി, ക്രഷര്‍ ഉൽപന്നങ്ങള്ക്കായി തമിഴ്നാടിനെയാണ് ഏറെയും ആശ്രയിച്ചിരുന്നത്. നിരോധനം കാരണം ഇത്തരം ഉൽപന്നങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്. കേരളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ റോഡ്, പാലം, കെട്ടിടം എന്നിവയുടെ നിര്‍മാണം ഏറ്റെടുത്ത കരാറുകാര്‍ക്ക് നിരോധനം വലിയ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.